ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുന്നത് 54 മണ്ഡലങ്ങളിൽ
|പോളിംഗ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുമണി വരെ
ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. 54 നിയോജക മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രണ്ട് കോടി ആറു ലക്ഷം വോട്ടർമാരാണ് ഏഴാം ഘട്ടത്തിലെ 613 സ്ഥാനാർഥികളുടെ വിധി തീരുമാനിക്കുന്നത്.ഒമ്പതു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന പ്രദേശത്താണ് വോട്ടെടുപ്പ്. അഖിലേഷ് യാദവ് പ്രതിനിധീകരിച്ചിരുന്ന അസംഗഡും ഉൾപ്പെടുന്നതിനാൽ പോരാട്ടത്തിനു വീറും വാശിയും കൂടുതലാണ്.
ഒ.ബി.സി വിഭാഗത്തിലെ മന്ത്രിമാരടക്കം ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു എസ്. പി സ്ഥാനാർഥികളായി മത്സരിക്കുന്നതാണ് അവസാന ഘട്ടങ്ങളിൽ ബി.ജെ.പിയെ വലയ്ക്കുന്നത്. ഇത്തരം വെല്ലുവിളികൾ മറി കടക്കാനായി നരേന്ദ്രമോദി വാരാണസിയിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചത്.കോൺഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധിയും ബി.എസ്.പിക്ക് വേണ്ടി മായവതിയും പ്രചരണം നയിച്ചപ്പോൾ ബി.ജെ.പി യുടെ മുൻ നിരയിൽ നരേന്ദ്രമോദി തന്നെയായിരുന്നു.
അഖിലേഷ് യാദവിന് വേണ്ടി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രചാരണത്തിനെത്തി. യു.പിയിലെ ഏഴാം ഘട്ടത്തോടെ അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയാകും. യോഗി മന്ത്രിസഭാഗം നീലകണ്ഠൻ തിവാരി അടക്കമുള്ളവർ ഇന്ന് ജനവിധി തേടുന്നുണ്ട്.