ഭാരത് ജോഡോ യാത്രയുടെ സമാപനം നാളെ; 12 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും
|145 ദിവസം നീണ്ടുനിന്ന യാത്രയിൽ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 3,970 കിലോ മീറ്റർ ദൂരമാണ് രാഹുൽ ഗാന്ധി കാൽനടയായി താണ്ടിയത്.
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ ശ്രീനഗറിൽ സമാപിക്കും. 12 പ്രതിപക്ഷ പാർട്ടികൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. 21 പാർട്ടികളെ ക്ഷണിച്ചിരുന്നെങ്കിലും തൃണമൂൽ കോൺഗ്രസ്, ടി.ഡി.പി, സമാജ് വാദി പാർട്ടി തുടങ്ങിയവർ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഡി.എം.കെ, എൻ.സി.പി, ആർ.ജെ.ഡി, ജെ.ഡി.യു, ശിവസേന, സി.പി.ഐ, വിടുതലൈ ചിരുതൈകൾ കക്ഷി, കേരള കോൺഗ്രസ്, മുസ്‌ലിം ലീഗ്, നാഷണൽ കോൺഫറൻസ്, പി.ഡി.പി, ജാർഖണ്ഡ് മുക്തിമോർച്ച തുടങ്ങിയ പാർട്ടികൾ സമാപനത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
സുരക്ഷാ വീഴ്ചയുണ്ടായതിനെ തുടർന്ന് വെള്ളിയാഴ്ച ജോഡോ യാത്ര നിർത്തിവെച്ചിരുന്നു. ശനിയാഴ്ച അവന്തിപുരയിലെ ചെർസോ ഗ്രാമത്തിൽനിന്ന് യാത്ര പുനരാരംഭിച്ചപ്പോൾ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ അണിചേർന്നിരുന്നു.
അതേസമയം ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന ആരോപണം പൊലീസ് നിഷേധിച്ചു. യാത്രക്ക് സുരക്ഷയൊരുക്കുന്നതിൽ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് എ.ഡി.ജി.പി വിജയ് കുമാർ പറഞ്ഞു. യാത്രക്ക് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചിരുന്നു.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. 145 ദിവസം നീണ്ടുനിന്ന യാത്രയിൽ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 3,970 കിലോ മീറ്റർ ദൂരമാണ് രാഹുൽ ഗാന്ധി കാൽനടയായി താണ്ടിയത്.