'അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു'; ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കേസ്
|അടിച്ച വിദ്യാർഥിയെ വെളിപ്പെടുത്തിയതിനാണ് യു.പി പൊലീസ് കേസെടുത്തത്
ന്യൂഡൽഹി: യുപിയിൽ മുസ്‍ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച ദൃശ്യങ്ങൾ പുറത്തുവിട്ടതിന് ആൾട്ട് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനതിരെ പൊലീസ് കേസെടുത്തു. അടിച്ച വിദ്യാർഥിയെ വെളിപ്പെടുത്തിയതിനാണ് യു.പി പൊലീസ് കേസെടുത്തത്. അധ്യാപികയുടെ നിർദേശപ്രകാരം സഹപാഠികൾ അടിക്കുന്ന ദൃശ്യം സുബൈർ ആണ് പുറത്ത് വിട്ടത്.
എക്‌സിലായിരുന്നു ( ട്വിറ്റർ) അടിയേറ്റ മുസ്‍ലിം വിദ്യാർഥിയുടെയുംതല്ലിയ മറ്റുള്ളവരുടെയും വീഡിയോ സുബൈർ പങ്കുവെച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അധ്യാപികക്കെതിരെ മുസാഫർനഗർ പൊലീസ് കേസെടുത്തത്. കുട്ടികളുടെ മുഖം വ്യക്തമാകുന്നതിനാൽ വീഡിയോ പങ്കുവെക്കരുതെന്ന് ബാലാവകാശ സംഘടനയായ എൻസിപിസിആർ പിന്നീട് ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ അധ്യാപിക പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു. ചെയ്ത ക്രൂരതെ അധ്യാപിക ന്യായികരിക്കുകയാണ്. കേസ് പിൻവലിക്കാൻ സമ്മർദം ഉണ്ടെന്നും പിതാവ് പറഞ്ഞു. കുട്ടിയെ തല്ലിച്ചതിൽ അധ്യാപിക തൃപ്ത ത്യാഗിക്ക് ഒരു ദുഃഖവുമില്ല. കുട്ടി വലിയ വിഷമത്തിലാണ് ഇപ്പോഴും കഴിയുന്നത്. സംഭവത്തിന് ശേഷം ഇതുവരെ അധ്യാപിക വിട്ടിൽ വരുകയോ ഫോണിൽ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും പിതാവ് പറഞ്ഞു.
അധ്യാപികക്കെതിരെ പോലീസിൽ നൽകിയ പരാതി പിൻവലിക്കാൻ വലിയ സമ്മർദ്ദമുണ്ട്. ഗ്രാമത്തിലെ ചില ആളുകളാണ് സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ, കുട്ടിക്ക് നീതി ലഭിക്കാൻ പരാതി പിൻവലിക്കില്ലെന്നും പിതാവ് പറഞ്ഞു. കുട്ടിയെ സർക്കാർ സ്‌കൂളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.