ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ തീവ്രവാദികളെന്ന് വിളിച്ചു; റാണാ അയ്യൂബിനെതിരെ കേസ്
|ഫെബ്രുവരി 21 ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മാർച്ച് നാലിനാണ് ധാർവാഡിലെ വിദ്യാഗിരി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. റാണ അയ്യൂബിനെതിരെ അഞ്ച് പരാതികളെങ്കിലും നൽകിയിട്ടുണ്ടെന്ന് ഹിന്ദു ഐ.ടി സെൽ പറഞ്ഞു.
കർണാടകയിൽ ഹിജാബിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ 'തീവ്രവാദികൾ' എന്ന് പരാമർശിച്ചതിന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണാ അയ്യൂബിനെതിരെ കേസ്. ഹിന്ദു ഐ.ടി സെൽ പ്രവർത്തകൻ അശ്വത് എന്നയാളുടെ പരാതിയെ തുടർന്ന് കർണാടകയിലെ ധാർവാഡ് പൊലീസ് ആണ് ഐ.പി.സി 295 എ പ്രകാരം റാണാ അയ്യൂബിനെതിരെ കേസെടുത്തത്.
ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് റാണാ അയ്യൂബ് ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചത്. 'പെൺകുട്ടികൾ ഏറെക്കാലമായി ഹിജാബ് ധരിക്കുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് യുവ വിദ്യാർഥികൾ, യുവ തീവ്രവാദികൾ വിദ്യാഭ്യാസ സ്ഥാപനത്തിൽ കാവിക്കൊടി ഉയർത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിൽ എന്തിനാണ് ആൺകുട്ടികൾ കാവി പതാക പിടിക്കുന്നത്. എന്താണ് ഇതിന്റെയൊക്കെ അർഥം?'-അഭിമുഖത്തിൽ റാണാ അയ്യൂബ് ചോദിക്കുന്നു. ഈ ഭാഗം ചൂണ്ടിക്കാട്ടിയാണ് അശ്വത് പരാതി നൽകിയത്.
ഫെബ്രുവരി 21 ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മാർച്ച് നാലിനാണ് ധാർവാഡിലെ വിദ്യാഗിരി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. റാണ അയ്യൂബിനെതിരെ അഞ്ച് പരാതികളെങ്കിലും നൽകിയിട്ടുണ്ടെന്ന് ഹിന്ദു ഐ.ടി സെൽ പറഞ്ഞു. പരാതിയിൽ പരാമർശിച്ചിരിക്കുന്ന വീഡിയോ അഭിമുഖം 'റാണ അയ്യൂബ്' എന്ന യുട്യൂബ് അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തത്.
''ഹിജാബ് നിരോധനത്തെക്കുറിച്ചും മുസ്‌ലിം സ്ത്രീകളെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും ഞാൻ നടത്തിയ അഭിമുഖത്തിൽ ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് കർണാടകയിൽ ഇതേ ഹിന്ദു വലതുപക്ഷ സംഘടന എനിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാരിനോടും അതിന്റെ കൂട്ടാളികളോടും, ഇത് എന്നെ സത്യം പറയുന്നതിൽ നിന്ന് തടയില്ല''-റാണാ അ്യ്യൂബ് ട്വീറ്റ് ചെയ്തു.
Another case has been registered against me, in Karnataka, by the same Hindu right wing group, for 'hurting Hindu sentiments' in my interview on the Hijab ban and the intimidation of Muslim women. To the government and its cronies, THIS WONT STOP ME FROM SPEAKING THE TRUTH.
— Rana Ayyub (@RanaAyyub) March 4, 2022