India
FIR against social media user for ‘lewd’ remark on Smriti Singh
India

സ്മൃതി സിങ്ങിനെതിരെ സൈബർ അധിക്ഷേപം; വനിതാ കമ്മിഷൻ ഇടപെട്ടു, കേസ്

Web Desk
|
13 July 2024 12:35 PM GMT

അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി നൽകിയ കീർത്തിചക്ര ഏറ്റുവാങ്ങിയതിന് പിന്നാലെ സ്മൃതിക്കെതിരെ അൻഷുമാന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു

ന്യൂഡൽഹി: വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിൽ കേസ്. ഡൽഹി സ്വദേശിക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകളും ഐടി ആക്ടിലെ വകുപ്പുകളും പ്രകാരം കേസെടുത്തിരിക്കുന്നത്. വനിതാ കമ്മിഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്റെ നടപടി.

സമൂഹമാധ്യമത്തിൽ സ്മൃതിയുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വിഷയത്തിലാണ് വനിതാ കമ്മിഷൻ സ്വമേധയാ ഇടപെട്ടത്. തുടർന്ന് തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി. മൂന്ന് ദിവസത്തിനകം സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ അഞ്ചിന് അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി നൽകിയ കീർത്തിചക്ര ഏറ്റുവാങ്ങിയതിന് പിന്നാലെ സ്മൃതിക്കെതിരെ അൻഷുമാന്റെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. മകന് ലഭിച്ച സൈനിക ബഹുമതികളും വസ്ത്രങ്ങളും ഫോട്ടോകളുമെല്ലാം സ്മൃതി പഞ്ചാബിലെ ഗുർദാസ്പുരിലെ വീട്ടിലേക്ക് മാറ്റിയെന്നുമായിരുന്നു ഇവരുടെ ആരോപണം. കീർത്തിചക്ര ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ലെന്നും അൻഷുമാൻ സിങ്ങിന്റെ അമ്മ മഞ്ചു ആരോപിച്ചിരുന്നു.

കഴിഞ്ഞ വർഷം ജൂലൈ 19ന് സിയാച്ചിനിൽ നടന്ന തീപിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റൽ മെഡിക്കൽ ഓഫീസർ ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. സഹപ്രവർത്തകരെ രക്ഷപെടുത്തിയ ശേഷം മെഡിക്കൽ എയ്ഡ് ബോക്‌സ് എടുക്കാൻ ശ്രമിക്കവേ അൻഷുമാൻ തീയിലകപ്പെടുകയായിരുന്നു.

Similar Posts