സനാതന ധര്‍മ വിവാദം; ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖാര്‍ഗെക്കുമെതിരെ കേസെടുത്ത് യുപി പൊലീസ്
|സനാതന ധര്‍മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച ഉദയനിധി അത് നിര്‍ത്തലാക്കുകയല്ല, ഉന്‍മൂലനം ചെയ്യണമെന്നാണ് പറഞ്ഞത്
റാംപൂര്‍: സനാതന ധര്‍മ വിവാദത്തില്‍ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെക്കുമെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് യുപിയിലെ റാംപൂര്‍ പൊലീസ് ഉദയനിധിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉദയനിധിയെ പിന്തുണച്ചതിനാണ് പ്രിയങ്കിനെതിരെ കേസ്.
സനാതന ധര്‍മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച ഉദയനിധി അത് നിര്‍ത്തലാക്കുകയല്ല, ഉന്‍മൂലനം ചെയ്യണമെന്നാണ് പറഞ്ഞത്. പ്രിയങ്ക് ഖാര്‍ഗെ ഇതിനെ പിന്തുണക്കുകയും മനുഷ്യരെ തുല്യരായി കാണാത്ത ഏതു മതവും രോഗമാണെന്നും പറഞ്ഞു. ഉദയനിധിയുടെ പ്രസ്താവന സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകരായ ഹർഷ് ഗുപ്തയുടെയും രാം സിംഗ് ലോധിയുടെയും പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശനിയാഴ്ച തമിഴ്‌നാട്ടിൽ നടന്ന തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. സനാതന ധർമ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു."ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ എന്നിവയെ നമുക്ക് എതിർക്കാൻ കഴിയില്ല. നമ്മൾ ഇത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതനയെ ഉന്മൂലനം ചെയ്യേണ്ടത്," എന്നാണ് അദ്ദേഹം പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. വംശീയ ഉന്‍മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി നടത്തിയതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സുപ്രിംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലിന്‍റെ പരാതിയില്‍ ഡല്‍ഹി പൊലീസ് ഉദയനിധിക്കെതിരെ കേസെടുക്കുകയും ചെയ്തു.