മഹാത്മാ ഗാന്ധിക്കെതിരേ അപകീർത്തി പരാമർശം: വിവാദ പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തു
|കോടിക്കണക്കിന് ഹിന്ദുക്കളുടെ കൊലയ്ക്ക് ഉത്തരവാദിയാണ് മഹാത്മാ ഗാന്ധിയെന്നും അദ്ദേഹത്തെ രാഷ്ട്രപിതാവായി അംഗീകരിക്കാനാകില്ലെന്നും അടക്കമുള്ള പരാമർശങ്ങളിലാണ് നടപടി
ലഖ്‌നൗ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ വിവാദ ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദിനെതിര കേസെടുത്തു. കോടിക്കണക്കിന് ഹിന്ദുക്കളുടെ കൊലയ്ക്ക് ഉത്തരവാദിയാണ് മഹാത്മാ ഗാന്ധിയെന്നും അദ്ദേഹത്തെ രാഷ്ട്രപിതാവായി അംഗീകരിക്കാനാകില്ലെന്നും അടക്കം വിവാദ പരാമർശങ്ങളുമായി നരസിംഹാനന്ദിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി.
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മസൂറി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതവിദ്വേഷം വളർത്തൽ, ദേശീയോദ്ഗ്രഥനത്തിനു വിരുദ്ധമായ ആരോപണങ്ങളും അവകാശവാദങ്ങളും നടത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് നരസിംഹാനന്ദയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആറു മാസത്തോളം പഴക്കമുള്ളതാണ് വിവാദ വിഡിയോയെന്നാണ് മനസിലാകുന്നതെന്നും ഹരിദ്വാറിൽ നടത്തിയ പ്രസംഗമാണെന്നാണ് മനസിലാകുന്നതെന്നും പൊലീസ് സൂപ്രണ്ട് ഇരാജ് രാജ പ്രതികരിച്ചു. പരാമർശത്തിൽ അന്വേഷണം തുടരുകയാണെന്നും ഇതുവരെ അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
മഹാത്മാഗാന്ധിയാണ് മുസ്‌ലിംകൾക്ക് രാജ്യത്ത് അവകാശം നൽകിയതെന്നും അതിനാൽ നൂറുകോടി ഹിന്ദുക്കൾക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാതായെന്നും വിവാദ വിഡിയോയിൽ നരസിംഹാനന്ദ് ആരോപിക്കുന്നുണ്ട്. ഇതോടൊപ്പം ഒരിക്കലും ഒരു ഹിന്ദുവിന് ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന സ്ഥാനത്തുനിന്ന് നീക്കാൻ സുപ്രിംകോടതിയിൽ ഹരജി നൽകുമെന്നും ഇതിനു പിന്തുണ തേടി ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കുമെന്നും വിഡിയോയിൽ നരസിംഹാനന്ദ് പറയുന്നു.
ഹരിദ്വാർ വിദ്വേഷ പ്രസംഗമടക്കം നിരവധി വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധനാണ് യതി നരസിംഹാനന്ദ്. മുസ്‌ലിംകൾക്കെതിരെ വംശഹത്യാ ആഹ്വാനം നടന്ന, ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ധർമസൻസദിന്റെ മുഖ്യസംഘാടകനായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന സമ്മേളനത്തിലാണ് മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ കൊന്ന് ഹിന്ദുരാഷ്ട്രം നിർമിക്കാൻ പരസ്യ ആഹ്വാനമുണ്ടായത്. ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിൽ നരസിംഹാനന്ദയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
Summary: Case registered against Yati Narsinghanand for remarks against Mahatma Gandhi