അസമിൽ കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം: രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർഥികൾ
|രക്ഷപ്പെടാൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയ പെൺക്കുട്ടിക്ക് പരിക്ക്
ദിസ്പൂർ: അസം സിൽചാറിലെ കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ വൻ തീപിടിത്തം. സിൽച്ചാർ പട്ടണത്തിലെ ഷില്ലോങ്പട്ടി ഏരിയയിലുള്ള ബാങ്ക് ഓഫ് ബറോഡ കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തീപിടിത്തത്തിനിടെ രക്ഷപ്പെടാൻ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയ ഒരു പെൺക്കുട്ടിക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലാം നിലയിൽ വിദ്യാർഥികൾ ഉള്ള സമയത്ത് തീ പടർന്നത് വലിയ ആശങ്കയ്ക്ക് വഴിവെച്ചു. അഗ്നിബാധയിൽനിന്ന് രക്ഷനേടാൻ വിദ്യാർഥികൾ കെട്ടിടത്തിലുള്ള കൂറ്റൻ പൈപ്പുകളിലൂടെ ടെറസിലേക്ക് വലിഞ്ഞുക്കേറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തീ അണയ്ക്കാൻ അഗ്നിശമനാസേന സ്ഥലത്തെത്തിയിട്ടുണ്ട്.
നിരവധി പേരെ രക്ഷിച്ചെങ്കിലും ഇനിയും നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.