ടാറ്റയുടെ ഐഫോൺ നിർമാണ പ്ലാന്റിൽ വൻ തീപിടിത്തം; പരിസരമാകെ പുകപടലം- വീഡിയോ
|1500ലധികം ജീവനക്കാർ സംഭവ സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല
ചെന്നൈ: ടാറ്റയുടെ ഐഫോൺ നിർമാണ പ്ലാന്റിൽ വൻ തീപിടിത്തം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള നിർമാണ സ്ഥാപനത്തിലാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ അഞ്ചര മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. 1500 ലധികം ജീവനക്കാർ സംഭവ സമയത്ത് ഡ്യൂട്ടിക്കുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
പരിസരമാകെ പുക പടർന്നതോടെ ജീവനക്കാരും നാട്ടുകാരും പരിഭ്രാന്തരായി. ഏഴ് ഫയർ എഞ്ചിനുകൾ വിന്യസിച്ചാണ് മുഴുവൻ ജീവനക്കാരെയും രക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. അതേസമയം തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായുളള അന്വേഷണം ആരംഭിച്ചതായി ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (TEPL) വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
തീപിടിത്തത്തെ തുടർന്ന് പരിസരത്ത് വലിയ രീതിയിൽ പൂക ഉയർന്നതോടെ സ്ഥാപനത്തിലെ ചില തൊഴിലാളികൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് മൂന്ന് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് പൊലീസ് അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ സഹായത്തിനായി 100 ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.