ഗുജറാത്തിലെ രാജ്കോട്ടിൽ തീപിടിത്തം; 20 പേർ വെന്തുമരിച്ചു
|രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഗുജറാത്ത്; രാജ്കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു. ടിആർപി ഗെയിം സോണിലെ താൽക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വേനൽ അവധിയായതിനാൽ സംഭവസ്ഥലത്ത് ധാരാളം ആളുകൾ ഉണ്ടായിരുന്നത് വലിയ അപകടത്തിലേക്ക് വഴിവെച്ചു.
സംഭവത്തിൽ പരിക്കേറ്റ ആളുകളുടെ കൃത്യമായ കണക്ക് രക്ഷാപ്രവർത്തനം പൂർത്തിയായതിന് ശേഷമേ വ്യക്തമാകൂവെന്ന് രാജ്കോട്ട് മുനിസിപ്പൽ കമ്മീഷണർ ആനന്ദ് പട്ടേൽ പറഞ്ഞു.
ഗെയിം സോണിൽ അടിയന്തര രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താൻ സിറ്റി ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ട്വീറ്റ് ചെയ്തു. എ.സിയിൽ പൊട്ടിത്തെറി ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗുജറാത്ത് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
തീ നിയന്ത്രണവിധേയമാക്കാനും കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്.