ട്രെയിനിലെ എസി കോച്ചില്‍ തീപിടിത്തം; പരിഭ്രാന്തരായി യാത്രക്കാര്‍
|പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തേക്ക് ഓടി
ഭുവനേശ്വര്‍: ദുര്‍ഗ് - പുരി എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ തീപിടിത്തം. ട്രെയിന്‍ ഒഡീഷയിലെ നുവാപാഡ ജില്ലയില്‍ എത്തിയപ്പോഴാണ് അപകടം. ആളപായമില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ട്രെയിനിന്‍റെ ബി3 കോച്ചില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് പുക ഉയര്‍ന്നത്. ട്രെയിന്‍ ഖാരിയര്‍ റോഡ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഘര്‍ഷണം മൂലം ബ്രേക്ക് പാഡ് ഉരസിയാണ് തീപിടിച്ചത്.
ട്രെയിന്‍ നിര്‍ത്തിയ ഉടന്‍ പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തേക്ക് ഓടി. ഒരു മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ചു. രാത്രി 11ഓടെ ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.
ഒഡീഷയില്‍ 288 പേരുടെ ജീവനെടുത്ത ട്രെയിന്‍ ദുരന്തത്തിനു പിന്നാലെയുണ്ടായ തീപിടിത്തം യാത്രക്കാരെ ആശങ്കയിലാക്കി. ബാലസോര്‍ ജില്ലയില്‍ ബഹനഗ ബസാര്‍ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനും കോറോമണ്ഡല്‍ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആയിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.
Summary- A fire was spotted in an air-conditioned coach of Durg-Puri Express on Thursday in Odisha's Nuapada district, leaving passengers scared, the East Coast Railway said.