വായയ്ക്കകത്ത് പടക്കം പൊട്ടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു
|പഠനച്ചെലവ് കുടുംബത്തിനു താങ്ങാനാകാത്തതില് മാനസികസംഘര്‍ഷത്തിലായിരുന്നു 24കാരനായ ബ്രജേഷ്
ഭോപ്പാൽ: വായയിൽ പടക്കം പൊട്ടിച്ച് ജീവനൊടുക്കി യുവാവ്. മധ്യപ്രദേശിലെ ഷിയോപൂരിലാണ് 24കാരനായ ബ്രജേഷ് പ്രജാപതി മരിച്ചത്. കുടുംബത്തിന് പഠനച്ചെലവ് താങ്ങാനാകാത്തതിൽ മനംനൊന്താണ് യുവാവ് കടുംകൈ ചെയ്തതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ ടോയ്ലെറ്റിനകത്ത് കയറിയാണ് കൃത്യം ചെയ്തത്. വാതിലടച്ച ശേഷം വായയ്ക്കകത്ത് പടക്കം പൊട്ടിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുകയും ഉടൻ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
ബി.എസ്സി വിദ്യാർത്ഥിയാണ് ബ്രജേഷ്. പഠനത്തിൽ മിടുക്കനാണ് യുവാവെന്ന് സഹോദരൻ ഹൃദ്യേഷ് പറയുന്നു. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാൽ പഠനം തുടരാൻ പ്രയാസം നേരിട്ടിരുന്നു. ഇതേതുടർന്ന് മാനസികസംഘർഷത്തിലായിരുന്നു 24കാരനെന്ന് ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Summary: 24 year old college student kills self by bursting firecracker in mouth in Madhya Pradesh's Sheopur district