മൂന്ന് സേനകളുടെ ആദ്യ സംയുക്ത മേധാവി, നാല് ദശാബ്ദക്കാലത്തെ സേവനം
|11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാമത്തെ ബറ്റാലിയനായ പിതാവിന്റെ അതേ യൂണിറ്റിൽ 1978 ഡിസംബറിലാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്
രാജ്യാതിർത്തികളിൽ കടന്നാക്രമണങ്ങൾ നടക്കുന്നതിനിടയിലാണ് സംയുക്തസൈനിക മേധാവിയായി ബിപിൻ റാവത്ത് ചുമതലയേറ്റത്. മൂന്ന് സേനകളുടേയും തലവനായി ചുമതലയേറ്റെടുത്ത ശേഷം രാജ്യസുരക്ഷയ്ക്ക് വേണ്ടി നിരവധി പദ്ധതികൾ ആസൂത്രണം നടക്കുന്നതിനിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. നാല് ദശാബ്ദക്കാലത്തെ സേവനത്തിനൊടുവിലാണ് കരസേന മേധാവിയായിരുന്ന ബിപിൻ റാവത്ത് സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റെടുത്തത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെയും ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെയും പൂർവ്വ വിദ്യാർഥിയായ ബിപിൻ റാവത്, 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാമത്തെ ബറ്റാലിയനായ പിതാവിന്റെ അതേ യൂണിറ്റിൽ 1978 ഡിസംബറിലാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്. വടക്കൻ, കിഴക്കൻ കമാൻഡുകൾ ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില ഭൂപ്രദേശങ്ങളിലും കാശ്മീരിലും ബിപിൻ റാവത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വടക്കുകിഴക്കൻ മേഖലയിലെ തീവ്രവാദം കുറയ്ക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു, 2015-ൽ മ്യാൻമറിലേക്കുള്ള അതിർത്തി കടന്നുള്ള ഓപ്പറേഷനാണ് റാവത്തിന്റെ കരിയറിലെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിലേക്ക് കടന്ന 2016-ലെ സർജിക്കൽ സ്ട്രൈക്കുകളുടെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു റാവത്ത്. നാല് ദശാബ്ദക്കാലത്തെ സേവനത്തിനിടയിൽ, റാവത്ത് ബ്രിഗേഡ് കമാൻഡർ, ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് സതേൺ കമാൻഡ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിലെ ജനറൽ സ്റ്റാഫ് ഓഫീസർ ഗ്രേഡ് 2, കേണൽ മിലിട്ടറി സെക്രട്ടറി, ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെ ഭാഗമായിട്ടുള്ള റാവത്ത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒരു ബഹുരാഷ്ട്ര ബ്രിഗേഡിന് കമാൻഡറായി. 2016 ഡിസംബർ 17-ന് 27ാമത് കരസേനാ മേധാവിയായിരുന്ന ജനറൽ ദൽബീർ സിംഗ് സുഹാഗിൽ നിന്ന് ജനറൽ ബിപിൻ റാവത്ത് ഇന്ത്യൻ കരസേനയുടെ ചുമതല ഏറ്റെടുത്തത്. കരസേന മേധാവിയായി കാലാവധി തീരുന്നതിന്റെ തലേ ദിവസമാണ് ചീഫ് ഓഫ് ഡിഫൻസ് ആയി റാവത്ത് ചുമതലയേറ്റ ടുത്തത്. അതിന് ശേഷം രാജ്യ തിർത്തികളിലെ സുരക്ഷയ്ക്ക് നിർണ്ണായകമായ നിർദ്ദേശങ്ങൾ നൽകിയ റാവത്തിന്റെ അന്ത്യത്തിൽ രാജ്യം തന്നെ ഞെട്ടലിലാണ്.