മൂന്നാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ഇന്ന്; ലോക്സഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും
|26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്നും നാളെയും ലോക്സഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. 27 ന് രാഷ്ട്രപതി അഭിസംബോധന ചെയ്യും.
പ്രോ ടെം സ്പീക്കർ ഭർതൃഹരി മെഹ്താഭിന്റെ മുമ്പാകെ ലോക്സഭാ അംഗങ്ങൾ ഇന്ന് രാവിലെ മുതൽ സത്യപ്രതിജ്ഞ ചെയ്ത് തുടങ്ങും. 26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് . 27 നു രാജ്യസഭയും സമ്മേളിക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും. സഭാ സമ്മേളനം തുടങ്ങുന്നത് , ചോദ്യപേപ്പർ ചോർച്ച ഉയർത്തി പിടിച്ചായിരിക്കുമെന്നു കോൺഗ്രസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റയ്ക്കു ഭൂരിപക്ഷം ഉണ്ടായിരുന്ന 2019 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പരിതാപകരമാണ് ബിജെപിയുടെ അവസ്ഥ . 240 എന്നതാണ് ഇപ്പോൾ അംഗസംഖ്യ. കഴിഞ്ഞ തവണ നേടിയതിനേക്കാൾ 63 സീറ്റിന്റെ കുറവാണ്. കോൺഗ്രസ് ആകട്ടെ 47 എന്ന സംഖ്യയിൽ നിന്നും 99 യിലേക്ക് അംഗബലം ഉയർത്തി. നെറ്റ് -നീറ്റ് പരീക്ഷ ക്രമക്കേടും ഓഹരി വിപണിയിൽ തട്ടിപ്പ് നടത്താൻ കൂട്ട് നിന്നതിനു മോദിയും അമിത്ഷായും ഉൾപ്പെടെയുള്ളവർക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധങ്ങളാണ്.
രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്,മഹുവ മൊയ്ത്ര,ചന്ദ്രശേഖർ ആസാദ്,മനീഷ് തിവാരി,ഗൗരവ് ഗോഗോയ് എന്നിങ്ങനെയുള്ള ശക്തരായ നേതാക്കളാൽ സമ്പന്നമാണ് ലോക്സഭയിലെ പ്രതിപക്ഷ നിര .ജൂലൈ രണ്ടിന് ലോക്സഭയിലും മൂന്നിന് രാജ്യസഭയിലും പ്രധാന മന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും.