India
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമര്‍ദ്ദനം; മത്സ്യത്തൊഴിലാളിയെ തല കീഴായി കെട്ടിത്തൂക്കി
India

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമര്‍ദ്ദനം; മത്സ്യത്തൊഴിലാളിയെ തല കീഴായി കെട്ടിത്തൂക്കി

Web Desk
|
23 Dec 2021 6:39 AM GMT

സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡാക്കെയിലാണ് സംഭവം

മംഗളൂരുവില്‍ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ മർദ്ദിച്ച് തല കീഴായി കെട്ടിത്തൂക്കി. സഹ മത്സ്യത്തൊഴിലാളികളാണ് യുവാവിനെ മര്‍ദ്ദിച്ച് ബോട്ടില്‍ കെട്ടിത്തൂക്കിയത്. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം.

ആന്ധ്രാപ്രദേശുകാരനായ വൈല ഷീനു എന്ന തൊഴിലാളിയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. വീഡിയോയിൽ ഷീനുവിന്‍റെ കാലുകള്‍ ബന്ധിച്ച് ക്രെയിനിൽ തലകീഴായി തൂക്കിയ നിലയിലാണ്. അഞ്ചോ ആറോ മത്സ്യത്തൊഴിലാളികളും ചുറ്റുംകൂടി നില്‍ക്കുന്നുണ്ട്. ഇവര്‍ ഷീനുവിനോട് മൊബൈല്‍ മോഷ്ടിച്ച കാര്യം സമ്മതിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. തനിക്കു വേദനിക്കുന്നുവെന്ന് ഷീനു പറയുന്നുണ്ടെങ്കിലും അതൊന്നും ആരും ചെവിക്കൊള്ളുന്നില്ല. അവര്‍ കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഫോൺ മോഷ്ടിച്ചത് താനല്ലെന്നും ഷീനു പറയുന്നത് കേൾക്കാം. അപ്പോള്‍ കൂട്ടത്തിലൊരാള്‍ ഷീനുവിനെ ചവിട്ടുന്നുണ്ട്.

സംഭവത്തിന്‍റെ വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ എൻ.ശശികുമാർ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Similar Posts