ജമ്മു കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് വീണ്ടും അപകടം; അഞ്ച് മരണം
|ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇത്.
ശ്രീനഗർ: ജമ്മു കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് വീണ്ടും അപകടം. അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കാർഗിലിൽ നിന്ന് സോനാമാർഗിലേക്ക് പോയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടത്.
കാർ മഞ്ഞിൽ തെന്നിമാറിയാണ് അപകടം. അപകട സ്ഥലത്ത് സൈന്യവും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ മലയാളികൾ അടക്കം അഞ്ച് പേർ മരിച്ചിരുന്നു.
സോജില ചുരത്തിലുണ്ടായ വാഹനാപകടത്തിലാണ് നാല് മലയാളികളും കാർ ഡ്രൈവറും മരിച്ചത്. വിനോദ സഞ്ചാരികൾ സഞ്ചരിച്ച എസ്.യു.വി വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം.
പാലക്കാട് ചിറ്റൂർ സ്വദേശികളായ ഷമാഞ്ചിറ നെടുങ്ങോട് അനിൽ (34), സുധീഷ് (33), രാഹുൽ (28), വിഗ്നേഷ് (23) എന്നിവരാണ് മരിച്ച മലയാളികൾ. മനോജ്, രജീഷ്, അരുൺ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഗുരുതര പരിക്കേറ്റ മനോജിനെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. എസ്.യു.വിയുടെ ഡ്രൈവറും ശ്രീനഗറുകാരനുമായ അജാസ് അഹമ്മദ് അവാനാണ് മരിച്ച മറ്റൊരാൾ.
മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്നാണ് വിവരം. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ കൊച്ചിയിലേക്കും ശേഷം നോര്‍ക്കയുടെ ആംബുലന്‍സില്‍ മൃതദേഹങ്ങള്‍ പാലക്കാടേക്കും കൊണ്ടുപോകും.
രണ്ട് കാറുകളിലായി 13 അംഗ സംഘമാണ് കശ്മീരിലേക്ക് യാത്രപോയത്. ഇതിൽ ഒരു വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. റോഡില്‍ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് പൊലീസ് അറിയിച്ചത്.