ഹിമാചലിൽ ജനം കോൺഗ്രസിന്റെ 'കൈ' പിടിക്കാനുള്ള അഞ്ച് കാരണങ്ങൾ
|കോൺഗ്രസിനേയും ബിജെപിയേയും മാറിമാറി പരീക്ഷക്കലാണ് ഹിമാചലിന്റെ പാരമ്പര്യം. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.
ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസ് അഞ്ച് വർഷത്തിനു ശേഷം വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. 2017ൽ അധികാരം നഷ്ടമായ കോൺഗ്രസ് 40 സീറ്റുകളിൽ വിജയിച്ചാണ് കോൺഗ്രസ് മിന്നുന്ന തിരിച്ചുവരവ് നടത്തിയത്. കേവലം 25 സീറ്റുകൾ നേടിയാണ് ബിജെപി അധികാരക്കസേര വിട്ട് മടങ്ങുന്നത്.
എന്നാൽ ഇത്തവണ ജനം കോൺഗ്രസിനെ അധികാരത്തിൽ തിരികെയെത്തിക്കാൻ ചില കാരണങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ച് കാരണങ്ങൾ ഇവയാണ്.
1. ഭരണവിരുദ്ധ വികാരവും തുടർഭരണത്തോട് താൽപര്യമില്ലായ്മയും
കോൺഗ്രസിനേയും ബിജെപിയേയും മാറിമാറി പരീക്ഷക്കലാണ് ഹിമാചലിന്റെ പാരമ്പര്യം. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. അതോടൊപ്പം ഭരണവിരുദ്ധ വികാരവും കോൺഗ്രസിന് ഗുണമായി. 37 വർഷത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഒരിക്കൽപ്പോലും കോൺഗ്രസിനോ ബിജെപിക്കോ മഞ്ഞുമലകളുടെ സംസ്ഥാനത്ത് തുടർഭരണ ഭാഗ്യം ഉണ്ടായിട്ടില്ല. 1985 മുതൽ ഇതുവരെ ഓരോ അഞ്ച് വർഷവും ബിജെപിയും കോൺഗ്രസും മാറി മാറി ഭരിച്ചുവരുന്നു. അതിനു മുമ്പ് കോൺഗ്രസായിരുന്നു കൂടുതൽക്കാലം സംസ്ഥാനം ഭരിച്ചത്. 1977 ജൂൺ മുതൽ 1980 ഫെബ്രുവരി വരെ കേവലം 2.5 വർഷം ജനതാപാർട്ടി അധികാരത്തിലിരുന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് വീർഭദ്രസിങ്ങിനോ ബിജെപിയുടെ പ്രേംകുമാർ ധുമലിനോ ഈ ഭരണമാറ്റ ചാക്രികവ്യവസ്ഥയിൽ മാറ്റം വരുത്താൻ സാധിച്ചില്ല. ഈ തെരഞ്ഞെടുപ്പിലും വോട്ടർമാർ ഈ കീഴ്വഴക്കം പാലിച്ചു. അധികാരം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടെത്തി പ്രചാരണം നടത്തിയതുൾപ്പെടെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ബിജെപിക്കായില്ല. തങ്ങളുടെ തീരുമാനം മാറില്ലെന്ന് ജനം നിലപാടെടുത്തു.
ബിജെപിയിൽ തുടരുന്ന നേതൃത്വ പ്രതിസന്ധിയും ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീർഭദ്ര സിങ്ങിന്റെ വിയോഗം അവശേഷിപ്പിച്ച വൻ ശൂന്യതയും കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ വോട്ടർമാരെ സ്വാധീനിച്ചു.
2. സർക്കാർ ജീവനക്കാരെ ചേർത്തുനിർത്തിയതും വയോധക പെൻഷൻ പദ്ധതിയും
സംസ്ഥാനത്തെ ഏറ്റവും പ്രബലമായ വോട്ട് ബാങ്കാണ് സർക്കാർ ഉദ്യോഗസ്ഥർ. ഏകദേശം രണ്ട് ലക്ഷത്തോളം സർക്കാർ ജീവനക്കാരായ വോട്ടർമാരാണ് ഹിമാചൽ പ്രദേശിൽ ഉള്ളത്. അത് മൊത്തം വോട്ടർമാരുടെ അഞ്ച് ശതമാനം വരും. വയോധക പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം എന്ന ആവശ്യം സർക്കാർ ഉദ്യോഗസ്ഥർ കാലങ്ങളായി ഉയർത്തുന്ന ആവശ്യമാണ്. ഇതിനോട് അനുഭാവപൂർണമായ സമീപനം സ്വീകരിച്ചതാണ് കോൺഗ്രസിന് ഗുണമായത്. പദ്ധതി തിരികെ കൊണ്ടുവരാം എന്ന് കോൺഗ്രസ് ഉറപ്പ് നൽകിയത് സർക്കാർ ജീവനക്കാരുടെ വോട്ട് കൈപ്പത്തി ചിഹ്നത്തിൽ വീഴാൻ കാരണമായി. ബിജെപി അത്തരം വാഗ്ദാന പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല.
3. ഭരണ മികവില്ലായ്മയും ബിജെപി വിമതരുടെ ഉദയവും
മുഖ്യമന്ത്രി ജയ് റാം താക്കൂർ അടുപ്പക്കാരായ ഒരു കൂട്ടം കുബുദ്ധികളെ സർക്കാരിനെ നയിക്കാൻ അനുവദിക്കുകയാണെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടായി. ചീഫ് സെക്രട്ടറിമാരെ നിരന്തരം മാറ്റിക്കൊണ്ടിരുന്നതും ബിജെപിക്ക് വിനയായി. അഞ്ച് വർഷത്തിനിടെ ഏഴ് ഉദ്യോഗസ്ഥരാണ് ചീഫ് സെക്രട്ടറി കസേരയിൽ ഇരുന്നത്. ഇതു കൂടാതെ പൊലീസ് റിക്രൂട്ട്മെന്റ് അഴിമതി, അരിനഗർ പഞ്ചായത്ത് വിജ്ഞാപനം, ഷിംല വികസന പദ്ധതിയുടെ കരട് പിൻവലിക്കൽ തുടങ്ങിയ ചില തിടുക്കത്തിൽ എടുത്ത തീരുമാനങ്ങൾ മുഖ്യമന്ത്രിവിരുദ്ധ വികാരം വർധിപ്പിച്ചു.
11 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചത് ബിജെപിക്ക് മറ്റൊരു തിരിച്ചടിയായി. ഇതിലൂടെ അവരുൾപ്പെടെ നിരവധി നേതാക്കൾ വിമതരാവുകയും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയും ബിജെപി വോട്ടിൽ വൻതോതിലുള്ള കുറവ് വരികയും ചെയ്തു.
4. ശക്തരായ ആപ്പിൾ ലോബിയുടെ അതൃപ്തി
ഹിമാചൽപ്രദേശിൽ ആധിപത്യം പുലർത്തുകയും സംസ്ഥാനത്തിന്റെ അഭിവൃദ്ധിയുടെ താക്കോൽ കൈവശം വയ്ക്കുകയും ചെയ്യുന്ന ആപ്പിൾ ലോബിക്ക് തങ്ങളുടെ ഉൽപ്പന്നത്തിന് അദാനി ഗ്രൂപ്പ് വില കുറച്ച് നൽകിയതിൽ കടുത്ത അതൃപ്തിയുണ്ട്. ജിഎസ്ടി വർധിപ്പിച്ചതും അവരുടെ ലാഭത്തിൽ വൻ കുറവുണ്ടാക്കി.
ഹോർട്ടികൾച്ചർ കോർപ്പറേറ്റ്വൽക്കരിക്കാനുള്ള ശ്രമത്തിനെതിരെ രംഗത്തുവന്ന ആപ്പിൾ കർഷകരിലും കർഷക പ്രക്ഷോഭം പ്രതിധ്വനിച്ചിരുന്നു. സമ്പന്നവും പരമ്പരാഗതമായി ആധിപത്യം പുലർത്തുന്നതുമായ ഈ ഗ്രൂപ്പിന്റെ അസംതൃപ്തി സർക്കാരിനും ബിജെപിക്കുമെതിരായ രോഷത്തിന് കാരണമായി. താമര ചീഞ്ഞപ്പോൾ അത് കോൺഗ്രസിന് വളമാവുകയും ചെയ്തു.
5. അഗ്നിവീർ പദ്ധതി, തൊഴിലില്ലായ്മ, വിലക്കയറ്റം
ഓരോ വർഷവും നിരവധി യുവാക്കളാണ് സംസ്ഥാനത്തു നിന്ന് സൈന്യത്തിൽ ചേരുന്നത്. എന്നാൽ കേവലം നാല് വർഷത്തെ സേവനത്തിന് സൈനികരെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രത്തിന്റെ അഗ്നിവീർ പദ്ധതി സംസ്ഥാനത്തെ യുവാക്കളിൽ സൃഷ്ടിച്ച രോഷവും വേദനയും ചെറുതല്ല. തെരഞ്ഞെടുപ്പിന്റെ തലേന്ന് ബിജെപിയിലേക്ക് മാറിയ മേജർ വിജയ് മങ്കോട്ടിയയെപ്പോലുള്ള മുതിർന്ന നേതാക്കൾ പോലും പദ്ധതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിമാചൽ ഗ്രാമങ്ങളിൽ, ഈ പദ്ധതി യുവാക്കളുടെ ജീവിതത്തിൽ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധിയെ കുറിച്ച് വ്യാപകമായ അസ്വസ്ഥത ഉണ്ടാക്കി.
2021 ഒക്ടോബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിന് കാരണമായത് വിലക്കയറ്റമായിരുന്നു. ഇതുകൂടാതെ ലോക്സഭാ സീറ്റായ മാണ്ഡിയിലും നിയമസഭ സീറ്റുകളായ ഫത്തേപൂർ, അർക്കി, ജുബ്ബാൽ കോട്ഖായ് എന്നിവയുൾപ്പെടെ നാലിടങ്ങളിലും കോൺഗ്രസ് വിജയിച്ചതും ബിജെപിക്ക് വൻ തിരിച്ചടിയേകിയിരുന്നു. പാചകവാതകത്തിന്റെ കുതിച്ചുയരുന്ന വില ചൂണ്ടിക്കാട്ടി ഗ്രാമീണ സ്ത്രീകൾ തങ്ങളുടെ രോഷം പ്രകടമാക്കി. പണപ്പെരുപ്പം കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കിയതിനു ശേഷം ഇരട്ട എഞ്ചിൻ സർക്കാരെന്ന ബിജെപിയുടെ അവകാശവാദം കൂടിയാണ് ഇതോടെ പൊളിഞ്ഞത്.