രാമക്ഷേത്ര പ്രതിഷ്ഠ; ആയോധ്യയിലേക്ക് ആദ്യ വിമാനം പറന്നുയർന്നു, 'രാമനും ഹനുമാനു'മായി യാത്രക്കാർ
|രാമവേഷം ധരിച്ചെത്തിയവർക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് അധികൃതർ ഒരുക്കിയത്
ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് അഹമ്മദാബാദിൽ നിന്ന് അയോധ്യയിലേക്ക് പറന്നുയർന്ന ആദ്യ വിമാനത്തിൽ യാത്രക്കാരെത്തിയത് രാമായണ കഥാപാത്രങ്ങളായി. രാമലക്ഷ്മണന്മാരുടെയും ഹനുമാന്റെയും സീതയുടെയും വേഷങ്ങളിലാണ് നാല് യാത്രക്കാരെത്തിയത്. ക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് അഹമ്മദാബാദിൽ നിന്ന് അയോധ്യയിലേക്ക് ഇൻഡിഗോ ഏർപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ ഫ്‌ളൈറ്റിലായിരുന്നു വേറിട്ട കാഴ്ച.
രാമവേഷം ധരിച്ചെത്തിയവർക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് അധികൃതർ ഒരുക്കിയത്. വിമാനത്തിലെ ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും രാമവേഷത്തിലെത്തിയവർ മധുരം വിതരണം ചെയ്യുകയും ചെയ്തു.
ഇതാദ്യമായാണ് ഗുജറാത്തിൽ അയോധ്യയിലേക്ക് നേരിട്ട് ഫ്‌ളൈറ്റ് ഉണ്ടാകുന്നത്. അയോധ്യ വിമാനത്താവളം പ്രവർത്തനക്ഷമമായതിന് പിന്നാലെ നേരത്തേ ഡൽഹിയിൽ നിന്നും അയോധ്യയിലേക്ക് ഇൻഡിഗോ വിമാനമേർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ മുംബൈയിൽ നിന്നും അയോധ്യയിലേക്ക് നേരിട്ട് ഫ്‌ളൈറ്റുകൾ ആരംഭിക്കും. ജനുവരി 22ന് നടക്കുന്ന ക്ഷേത്രപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് തീർഥാടകർ അയോധ്യയിലെത്തുമെന്നാണ് വിലയിരുത്തൽ.
മഹർഷി വാല്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്ന് പേരിട്ടിരിക്കുന്ന വിമാനത്താവളം ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായായിരുന്നു ഉദ്ഘാടനം. ലോകമെമ്പാടുമുള്ള തീർഥാടകരെ അയോധ്യയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. 150 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ആഭ്യന്തര മന്ത്രാലയം വിമാനത്താവളത്തിൽ വിന്യസിച്ചിരിക്കുന്നത്.