India
Flipkart Directed to Pay Rs 20,000 to Bengaluru Woman For Selling Shampoo Over MRP,Flipkart,legal action against Flipkart,
India

'95 രൂപയുടെ ഷാംപുവിന് ഫ്‌ളിപ്പ്കാർട്ട് ഈടാക്കിയത് 191 രൂപ'; യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Web Desk
|
7 Dec 2023 4:29 AM GMT

ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയിലൂടെയാണ് പതഞ്ജലിയുടെ ഷാംപു വാങ്ങിയത്

ബെംഗളൂരു: ഇ-കൊമേഴ്സ് സൈറ്റായ ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് വാങ്ങിയ ഷാംപുവിന് അധിക വില ഈടാക്കിയ സംഭവത്തിൽ യുവതിക്ക് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 2019 ഒക്ടോബറിലാണ് ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്കിടെ ബംഗളൂരു സ്വദേശിനിയായ 34 കാരി പതഞ്ജലി കേശ് കാന്തി പ്രോട്ടീൻ ഹെയർ ക്ലെൻസറിന്റെ ഒരു കുപ്പി ഓർഡർ ചെയ്തത്. ഒക്ടോബർ 3 ന് ഷാംപൂ എത്തുകയും 191 രൂപ ഫോൺ പേ വഴി നൽകുകയും ചെയ്തു. എന്നാൽ ഷാംപുവിന്റെ കുപ്പിയിൽ 95 രൂപയാണ് വിലയായി കാണിച്ചത്. ബില്ലിലാകട്ടെ 191 രൂപയെന്നും രേഖപ്പെടുത്തിയിരുന്നു.

കൂടുതൽ പരിശോധനയിൽ ഇതേ ഉൽപ്പന്നത്തിന് 140 രൂപയും ഷിപ്പിങ് ചാർജായി 99 രൂപ അധികവും രേഖപ്പെടുത്തിയതായി കണ്ടെത്തി. ഫ്‌ളിപ്പ് കാർട്ട് കസ്റ്റർമർ കെയറുമായി ബന്ധപ്പെട്ടപ്പോള്‍ റീഫണ്ടിനായി ഉൽപ്പന്നം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ സൂറത്തിൽ നിന്നുള്ള ഷാംപൂ വിൽപ്പനക്കാർക്കെതിരെ ഫ്‌ലിപ്പ്കാർട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കണ്ടെത്തി.

തുടർന്നാണ് യുവതി എംആർപിയേക്കാൾ കൂടുതൽ തുക ഈടാക്കിയതിനെതിരെ ഫ്‌ലിപ്കാർട്ടിനും ഷാംപു വിതരണം ചെയ്ത കമ്പനിക്കുമെതിരെ ബാംഗ്ലൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തെളിവുകൾ സഹിതമാണ് യുവതി പരാതി നൽകിയത്. എന്നാൽ ഫ്‌ലിപ്കാർട്ടിന്റെ അഭിഭാഷകൻ ഈ ആരോപണങ്ങൾ നിഷേധിച്ചു.

തങ്ങളുടെ ഭാഗത്ത് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് വാദിച്ചെങ്കിലും വിൽപ്പനക്കാരൻ മുഖേന എംആർപിയേക്കാൾ കൂടുതൽ വിലയ്ക്ക് ഉൽപ്പന്നം വിറ്റത് എന്തുകൊണ്ടാണെന്ന് ന്യായീകരിക്കുന്നതിൽ അഭിഭാഷകൻ പരാജയപ്പെട്ടു. 2023 ഒക്ടോബർ 13 നാണ് യുവതിയുടെ വാദം ശരിയാണെന്ന് കണ്ടെത്തിയത്. ഇ-കൊമേഴ്സ് കമ്പനി നിയമവിരുദ്ധമായ നേട്ടമുണ്ടാക്കാൻ ഷാംപൂ അമിതവിലയ്ക്ക് വിറ്റുവെന്നത് വ്യക്തമാണെന്നും ഇത് അന്യായമായ വ്യാപാര സമ്പ്രദായമാണെന്നും ജഡ്ജിമാർ നിരീക്ഷിച്ചു

യുവതിയിൽ നിന്ന് അധികമായി പിരിച്ചെടുത്ത 96 രൂപ ഫ്‌ളിപ്കാർട്ടിനോട് തിരികെ നൽകാനും സേവനത്തിലെ വീഴ്ചക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. അന്യായമായ രീതിയില്‍ കച്ചവടം ചെയ്തതിന് 5,000 രൂപയും യുവതിയുടെ കോടതി ചെലവുകൾക്കായി 5,000 രൂപയും നൽകാനും കോടതി ഉത്തരവിടുകയും ചെയ്തു.

Similar Posts