മഴ കുറഞ്ഞു; ആന്ധ്രയിലും തെലങ്കാനയിലും രക്ഷാപ്രവർത്തനം ഊർജ്ജിതം
|റെയില്‍വെ ട്രാക്കുകളും റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയില്‍ മുങ്ങിയിരുന്നു
വിജയവാഡ: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും വ്യാപകനാശം വിതച്ച മഴക്ക് നേരിയ ആശ്വാസം. മഴയ്ക്ക് ശമനമുണ്ടായതിന് പിന്നാലെ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി സർക്കാർ. ഇരുസംസ്ഥാനങ്ങളിലുമായി ആയിരങ്ങളെയാണ് മഴക്കെടുതി ബാധിച്ചത്. വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റെയില്‍വെ ട്രാക്കുകളും റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയില്‍ മുങ്ങി.
തെലങ്കാനയില്‍ 16 ഉം ആന്ധ്രാപ്രദേശില്‍ 17 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രാപ്രദേശില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 262 പഞ്ചായത്ത് രാജ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശമായ വിജയവാഡയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പവന്‍ കല്യാണ്‍ അറിയിച്ചു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്നും 43,417 ആളുകളെ ഇതു വരെ 163 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. 197 മെഡിക്കല്‍ ക്യാമ്പുകളും തുടർന്നിട്ടുണ്ട്.
വരും ദിവസങ്ങളില്‍ തെലങ്കാനയിലെ ആദിലാബാദ്, ഖമ്മം, മഹബൂബാബാദ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ മഴ തുടരുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പു നല്‍കി.
ഇപ്പോഴും മിയാപൂരിലും,അല്‍വാലിലും മറ്റു പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ സഹായവുമായി പല സംഘടനകളും രംഗത്തെത്തി.