India
ഗിനിയയില്‍ തടവിലാക്കപ്പെട്ട നാവികര്‍ക്ക് ഇന്ത്യന്‍ എംബസി ഭക്ഷണവും വെളളവുമെത്തിച്ചു
India

ഗിനിയയില്‍ തടവിലാക്കപ്പെട്ട നാവികര്‍ക്ക് ഇന്ത്യന്‍ എംബസി ഭക്ഷണവും വെളളവുമെത്തിച്ചു

Web Desk
|
8 Nov 2022 2:55 PM GMT

തടവിലാക്കപ്പെട്ടവരെ കാണാന്‍ എംബസി അധികൃതര്‍ക്ക് അനുമതി ലഭിച്ചിട്ടില്ലെന്നാണ് നാവികരില്‍ നിന്ന് ലഭിക്കുന്ന വിവരം

ഗിനിയയില്‍ തടവിലാക്കപ്പെട്ട നാവികര്‍ക്ക് ഇന്ത്യന്‍ എംബസി ഭക്ഷണവും വെളളവുമെത്തിച്ചു. തടവിലാക്കപ്പെട്ടവരെ കാണാന്‍ എംബസി അധികൃതര്‍ക്ക് അനുമതി ലഭിച്ചിട്ടില്ലെന്നാണ് നാവികരില്‍ നിന്ന് ലഭിക്കുന്ന വിവരം. തടവിലാക്കപ്പെട്ടവരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഗിനിയൻ അധികൃതർ പിടിച്ചുവെച്ചിരിക്കുകയാണ്.

നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണ് ഗിനിയന്‍ നേവി മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെട്ട 15 പേരടങ്ങുന്ന സംഘത്തെ ഇന്നലെ രാത്രിയോടെ ജയിലിലേക്ക് മാറ്റി. നേവല്‍ ഓഫീസര്‍ മലയാളിയായ സാനു ജോസഫും മറ്റ് അംഗങ്ങളും ഇപ്പോഴും കപ്പലില്‍ തുടരുകയാണ്.

ജയിലിലേക്ക് മാറ്റിയ നാവികരെ എംബസി ഉദ്യോഗസ്ഥര്‍ക്ക് കാണാനായില്ലെങ്കിലും ഭക്ഷണവും വെളളവും എത്തിക്കാനായി. മറ്റ് നിവൃത്തിയില്ലാത്തത് കൊണ്ടാണ് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുളള രേഖകള്‍ ഗിനിയൻ അധികൃതർക്ക് കൈമാറിയതെന്ന് നാവികർ പറഞ്ഞു.

നൈജീരിയയിലേക്ക് മാറ്റിയാല്‍ നാവികര്‍ക്ക് അപകടം സംഭവിക്കുമോ എന്ന ഭയം ബന്ധുക്കള്‍ക്കുണ്ട്. ക്രൂഡ് ഓയില്‍ മോഷണത്തിനെത്തിയ കപ്പല്‍ എന്നാരോപിച്ചാണ് ഇന്ത്യന്‍ കപ്പല്‍ ഗിനിയന്‍ നേവി പിടിച്ചുവെച്ചത്. ആവശ്യപ്പെട്ട മോചനദ്രവ്യം കപ്പല്‍ കമ്പനി കൈമാറുകയും ചെയ്തിട്ടുണ്ട്.

Similar Posts