ബിജെപിയുടെ മസിൽ പവർ, ബ്രിജ് ഭൂഷൺ സിങ്ങിനെ അവഗണിക്കില്ല ബിജെപി; കാരണം
|ഉത്തർപ്രദേശിൽ നിന്നുള്ള എംപി എന്നതിനപ്പുറം എന്താണ് ബിജെപിയിൽ ബ്രിജ് ഭൂഷൺ ഷരൺ സിങ് എന്ന ഗുണ്ടാ നേതാവിന്റെ പ്രാധാന്യം?
പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ റസ്ലിങ് ഷൂ പ്രസ് ക്ലബ്ബിൽ ഉപേക്ഷിച്ച് പടിയിറങ്ങിയത് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സാക്ഷി മാലിക് എന്ന ഗുസ്തി താരം. വനിതാ താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് 2023 ജനുവരിയിൽ ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സമരം ഗുസ്തി താരങ്ങൾ അവസാനിപ്പിച്ചത് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾക്ക് മേൽ. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ അന്വേഷിക്കും, ഒരു അന്വേഷണ കമ്മിറ്റി രൂപീകരിക്കും എന്നതടക്കമുള്ള ഉറപ്പുകൾ നൽകിയാണ് സമരം അവസാനിപ്പിച്ചതെങ്കിലും തങ്ങളുടെ പ്രിയ നേതാവിനെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും തയ്യാറായില്ല കേന്ദ്രം.
ഒളിമ്പിക്സ് മെഡൽ ജേതാക്കളായ വിനേഷ് ഫോഗട്ട് , സാക്ഷി മാലിക് , അൻഷു മാലിക് , ബജ്റംഗ് പുനിയ എന്നിവർ അടക്കമുള്ള താരങ്ങളെ സമരത്തിനിടെ തല്ലിച്ചതച്ചതും റോഡിലൂടെ വലിച്ചിഴച്ചതിനും രാജ്യം സാക്ഷിയാണ്. ഗുസ്തി താരങ്ങൾക്കെതിരായ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ രാജ്യവ്യാപകമായി രൂക്ഷ വിമർശനങ്ങൾ ഉയർന്നെങ്കിലും ബ്രിജ് ഭൂഷൺ തങ്ങളുടെ തണലിൽ സുരക്ഷിതമാണെന്ന ഉറപ്പിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തനും, ആർഎസ്എസ് അനുഭാവിയുമായ സഞ്ജയ് സിങ്ങിനെ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. മാഫിയ കിംഗ്, ഗുണ്ടകളുടെ ഗുണ്ട എന്നിങ്ങനെ ഓമനപ്പേരുകൾ നിരവധിയാണ് ബ്രിജ് ഭൂഷണ്. ഒരു കൊലപാതകം നടത്തിയെന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടും അന്വേഷണമോ കേസോ നേരിടേണ്ടി വന്നിട്ടില്ല. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപി എന്നതിനപ്പുറം എന്താണ് ബിജെപിയിൽ ബ്രിജ് ഭൂഷൺ ശരൺ സിങ് എന്ന ഗുണ്ടാ നേതാവിന്റെ പ്രാധാന്യം? പ്രതിഷേധങ്ങൾ വ്യാപകമായിട്ടും സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർന്നിട്ടും ബ്രിജ് ഭൂഷണെ അവഗണിക്കാൻ ബിജെപിക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?
ഡൽഹിയിലെ ആഘോഷം
സഞ്ജയ് സിംഗ് ഡബ്ല്യുഎഫ്ഐയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ ബ്രിജ് ഭൂഷൺ തന്റെ ഡൽഹിയിലെ വസതിയിൽ ഒരു ആഘോഷം സംഘടിപ്പിച്ചിരുന്നു. 'ഇവിടെ സ്വാധീനം നിലനിൽക്കുന്നു, അത് തുടരുക തന്നെ ചെയ്യും, ദൈവം നൽകിയ സ്വാധീനമാണിത്' എന്നെഴുതിയ പോസ്റ്റർ ഉയർത്തിയായിരുന്നു ആഘോഷം. ഗോണ്ട സദർ എംഎൽഎയായ ബ്രിജ് ഭൂഷന്റെ മകൻ പ്രതീക് ഭൂഷൺ സിങ്ങും പോസ്റ്റർ ഉയർത്തി ആഘോഷത്തിൽ പങ്കുചേർന്നു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷ കസേരയിൽ ഇനിയില്ലെങ്കിലും തന്റെ വിശ്വസ്തൻ ഇരുത്തി ഭരണം തുടരുമെന്ന സൂചന കൂടിയായിരുന്നു ആഘോഷത്തിന് പിന്നിൽ. ആര് ഭരിച്ചാലും ഗുസ്തി ഫെഡറേഷൻ എങ്ങനെ പ്രവർത്തിക്കണമെന്ന കാര്യം തീരുമാനിക്കുന്നത് ബ്രിജ് ഭൂഷൺ തന്നെയെന്ന കാര്യത്തിൽ സംശയമില്ല. ലൈംഗികാരോപണം ഉയർന്നപ്പോഴും പാർട്ടി പരിപാടികളിലും പാർലമെന്റ് നടപടികളിലും ബ്രിജ് ഭൂഷൺ സജീവമായി പങ്കെടുത്തതും ഇതേ ആത്മവിശ്വാസത്തിൽ തന്നെ.
ബ്രിജ് ഭൂഷൺ ഷരൺ സിങ്
ആറ് തവണ എംപി, കിഴക്കൻ യുപി രാഷ്ട്രീയത്തിലെ ശക്തൻ. 1991ൽ ഉത്തർപ്രദേശിലെ ഗോണ്ട നിയോജകമണ്ഡലത്തിൽ നിന്നും ബിജെപിയുടെ ടിക്കറ്റിൽ ആദ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീട് മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം ഭൂരിപക്ഷത്തോടെ വിജയം. കൊലപാതകം, കൊലപാതക ശ്രമം, പീഡനശ്രമം, ബൈക്ക് മോഷണം, മദ്യക്കടത്ത്, വെടിവെപ്പ് എന്നിങ്ങനെ 38 ക്രിമിനൽ കേസുകളിൽ പ്രതി. ബാബറി മസ്ജിദ് തകർക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ പ്രധാനിയായിരുന്നു ബ്രിജ് ഭൂഷൺ. അയോധ്യയിലെ വലിയൊരു വിഭാഗം വൈദികരുടെ പിന്തുണയുണ്ട് ഇയാൾക്ക്. ലൈംഗികാരോപണം ഉയർന്നിട്ടും ഈ പിന്തുണ മാറ്റമൊന്നും കൂടാതെ തുടർന്നിരുന്നു.
2011 മുതൽ പത്തുവർഷത്തിലധികമായി ദേശീയ ഗുസ്തി ഫെഡറേഷൻ അടക്കി ഭരിച്ചിരുന്നു. 'ദബാംഗ് നേതാ' (ശക്തൻ) എന്ന പ്രതിച്ഛായായാണ് അയാളുടെ മുതൽക്കൂട്ട്. ഉത്തർപ്രദേശിലെ കുറഞ്ഞത് ആറ് ജില്ലകളിലടക്കം സ്വന്തമായി മാഫിയ സാമ്രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബഹ്റൈഖ്, ഗോണ്ട, ബൽറാംപൂർ, അയോധ്യ, ശ്രാവസ്തി ജില്ലകളിലായി 50-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇയാൾ നടത്തുന്നുണ്ട്. ഇതിന്റെ മറവിൽ ജനപ്രീതി പിടിച്ചുപറ്റുകയും ചെയ്യുന്നു.
ബിജെപിയുടെ മുതൽക്കൂട്ട്
ബ്രിജ് ഭൂഷൺ സിങ്ങിനെ ബിജെപി കയറൂരി വിട്ടിരിക്കുന്നത് വെറുതെയല്ല. ഗുസ്തിയിൽ മാത്രമല്ല കൈക്കരുത്ത് കൊണ്ട് രാഷ്ട്രീയത്തിലും പാർട്ടിയെ പിടിച്ചുനിർത്താൻ ബ്രിജ് ഭൂഷണ് കഴിഞ്ഞിട്ടുണ്ട്. കൈസർഗഞ്ചിൽ പാർട്ടിക്ക് വിജയം ഉറപ്പാക്കുക മാത്രമല്ല, തൊട്ടടുത്ത ലോക്സഭാ മണ്ഡലങ്ങളായ ഗോണ്ടയിലും ബഹ്റൈച്ചിലും ബ്രിജ് ഭൂഷൺ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ലൈംഗിക പരാതിയുമായി ഗുസ്തി താരങ്ങൾ രംഗത്തുവന്നപ്പോൾ മാധ്യമങ്ങളോട് സംസാരിക്കരുത് എന്നല്ലാതെ മറ്റൊരു നിർദേശവും കേന്ദ്രവും ബിജെപിയും ബ്രിജ് ഭൂഷണ് നൽകിയിട്ടില്ല.
സ്വന്തം മണ്ഡലത്തിലും സമീപ സീറ്റുകളിലും സ്വാധീനം ചെലുത്തുന്ന നേതാവിനെ അവഗണിക്കാൻ കഴിയില്ലെന്നാണ് ബിജെപി അംഗങ്ങൾ പറയുന്നത്. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണ് സീറ്റ് നൽകിയില്ലെങ്കിൽ അദ്ദേത്തിന്റെ കുടുംബത്തിൽ നിന്ന് തന്നെ മറ്റൊരാളെയായിരിക്കും മത്സരിപ്പിക്കുക. 1996ൽ ബ്രിജ് ഭൂഷൺ ജയിലിലായിരുന്നപ്പോൾ പകരം ഭാര്യ കേതകി ദേവി സിങാണ് മത്സരിച്ചതും വിജയിച്ചതും.
ഗുസ്തി താരങ്ങളുടെ വിവാദത്തിന് ശേഷം ബ്രിജ് ഭൂഷൺ ഒരു തലവേദനയായെങ്കിലും പൂർണമായും ഒഴിവാക്കാൻ ബിജെപി ശ്രമിച്ചിട്ടില്ല. ബിജെപി സീറ്റ് നിഷേധിച്ചാൽ മറ്റേതെങ്കിലും പാർട്ടിയിൽ ചേർന്ന് ബ്രിജ് ഭൂഷൺ തെരഞ്ഞെടുപ്പിൽ വിജയിക്കും. ബിജെപിക്ക് വെറുതെ ഒരു സീറ്റ് നഷ്ടമാവുകയും ചെയ്യും. അതിനാൽ, തന്നെ ഒരു നടപടിക്കും പാർട്ടി മുതിരുന്നില്ല എന്നതാണ് വാസ്തവം.
കേസ് ഇതുവരെ
ബ്രിജ് ഭൂഷണും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും മാനസികമായി പീഡിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഏഴ് വനിതാ താരങ്ങളും പ്രായപൂർത്തിയാകാത്ത മറ്റൊരു താരവുമാണ് ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയത്. സാക്ഷി മാലിക്, സംഗീത ഫോഗട്ട്, ജിതേന്ദർ കിൻഹ തുടങ്ങി മുപ്പതോളം ഗുസ്തി താരങ്ങൾ പ്രതിഷേധ രംഗത്തുണ്ടായിരുന്നു. സർക്കാർ വാഗ്ദാനത്തെ തുടർന്ന് 2023 ജനുവരിയിൽ പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതിന്റെ തുടർന്ന് ഏപ്രിലിൽ വീണ്ടും സമരം പുനരാരംഭിച്ചു. ബ്രിജ് ഭൂഷന്റെ എംപി ബംഗ്ലാവിൽ 2012 മുതൽ പീഡനം നടക്കുന്നുണ്ടെന്ന് ഗുസ്തിക്കാർ ആരോപിച്ചിരുന്നു.
എങ്കിലും, കേസെടുക്കാനോ അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ല. തുടർന്ന് ഗുസ്തി താരങ്ങൾ സുപ്രിം കോടതിയെ സമീപിച്ച ശേഷമാണ് ഏപ്രിൽ 28 ന് ബ്രിജ് ഭൂഷണെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനിടെ പരാതി പിൻവലിക്കാൻ ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയും ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഏപ്രിലിൽ ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. 1500 പേജുള്ള കുറ്റപത്രം ഡൽഹി പോലീസ് ജൂൺ 15ന് സമർപ്പിച്ചു. അതേദിവസം തന്നെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും പിതാവും തങ്ങളുടെ ആരോപണം പിൻവലിച്ചതിനെത്തുടർന്ന് ബ്രിജ് ഭൂഷണെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് 550 പേജുള്ള മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് അന്വേഷണത്തിൽ തങ്ങൾ തൃപ്തരാണെന്ന് ഇൻ-ചേംബർ ഹിയറിംഗിനിടെ പെൺകുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു.
അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് ജസ്പാലിന്റെ കോടതിയിലാണ് ഗുസ്തിക്കാരുടെ കേസ് നേരത്തെ പരിഗണിച്ചിരുന്നത്. എന്നാൽ, അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചതിനാൽ ജനുവരി മുതൽ ജഡ്ജി പ്രിയങ്ക രാജ്പൂതിന്റെ കോടതിയിൽ കേസിൽ ആദ്യം മുതൽ വാദം കേൾക്കും.
ആരോപണങ്ങൾ തിരിച്ചടിയല്ല
പ്രതിഷേധിച്ച ഗുസ്തിക്കാരിൽ ഭൂരിഭാഗവും ഹരിയാനയിൽ നിന്നുള്ളവരാണ്. വിഷയം വരും തെരഞ്ഞെടുപ്പിൽ ഹരിയാന ബിജെപിക്ക് തിരിച്ചടിയാകുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും പാർട്ടി ഇത് തള്ളി. ഹരിയാനയിൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകില്ലെന്ന് ഹരിയാനയിലെ ഒരു ബിജെപി നേതാവ് പറയുന്നു. ഹരിയാനയിലെ ജനവിഭാഗമായ ജാട്ടുകളുടെ വികാരത്തെ മാനിച്ച് ജഗ്ദീപ് ധങ്കറിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത് ജനപ്രീതി ഉയർത്തിയെന്നാണ് ബിജെപി പറയുന്നത്. ഗണ്യമായ ജാട്ട് ജനസംഖ്യയുള്ള രാജസ്ഥാനിൽ പോലും ബ്രിജ് ഭൂഷൺ ഒരു പ്രചാരണ വിഷയമല്ലെന്ന് ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
എന്നാൽ, ഭൂരിഭാഗം നേതാക്കളും ഇത് പിന്തുണക്കുന്നില്ല. ജാട്ട് ആധിപത്യമുള്ള ഹരിയാനയിലെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഗുസ്തിക്കാരുണ്ട്. ബ്രിജ് ഭൂഷണെതിരായ നിഷ്ക്രിയത്വത്തിൽ ബിജെപിക്കെതിരെ ഇവിടങ്ങളിൽ പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. ഡബ്ല്യുഎഫ്ഐ സ്ഥാനത്തേക്ക് തന്റെ വിശ്വസ്തനെ തെരഞ്ഞെടുത്തതിലൂടെ ബ്രിജ് ഭൂഷണ് വീണ്ടും സ്വാധീനമുണ്ടായേക്കാം. എന്നാൽ, ഹരിയാനയിലെ ജനങ്ങൾ ഇത് ഇഷ്ടപ്പെടില്ല, പ്രതിപക്ഷം ഈ വിഷയം ശരിയായി ഉന്നയിച്ചാൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സാഹചര്യം പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് ചില നേതാക്കളുടെ അഭിപ്രായം.