'തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു, വിദേശഫണ്ട് സ്വീകരിച്ചു'; ന്യൂസ് ക്ലിക്കിനെതിരായ എഫ്.ഐ.ആർ വിവരങ്ങൾ പുറത്ത്
|ഫെമ നിയമം ലംഘിച്ചെന്നും എഫ്.ഐ.ആറിൽ ആരോപണമുണ്ട്
ഡൽഹി: ന്യൂസ് ക്ലിക്കിനെതിരായ കേസിന്‍റെ എഫ്ഐആർ വിവരങ്ങൾ പുറത്ത്. ന്യൂസ് ക്ലിക്ക് നിയമവിരുദ്ധമായി അഞ്ച് വർഷം വിദേശ ഫണ്ട് സ്വീകരിച്ചെന്ന് ഡൽഹി പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. 2019ൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എഡിറ്റർ പുരകായസ്ഥ ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു.
പ്രബീര്‍ പുരകായസ്ഥയും എച്ച്.ആര്‍ മേധാവി അമിത് ചക്രവർത്തി, പത്രപ്രവർത്തകർ എന്നിവര്‍ ചേര്‍ന്ന് രാജ്യത്തിനെതിരെ വെറുപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ഐക്യത്തിനും അഖണ്ഡതക്കും സുരക്ഷക്കും ഭീഷണി ഉയര്‍ത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. 2018 ഏപ്രിൽ മുതൽ, എം/എസ് വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ്സ് എൽഎൽസിയിൽ നിന്നും മറ്റും എം/എസ് പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന് അഞ്ച് വർഷത്തിനുള്ളിൽ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കോടികളുടെ ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്. കോവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നു. Xiaomi പോലെയുള്ള വന്‍കിടെ ചൈനീസ് ടെലികോം കമ്പനികൾ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി വിദേശ ഫണ്ട് നിക്ഷേപിക്കുന്നുവെന്നും എഫ്‌ഐആർ കുറ്റപ്പെടുത്തുന്നു. ഫെമ നിയമം ലംഘിച്ചെന്നും എഫ്.ഐ.ആറിൽ ആരോപണമുണ്ട്.
ന്യൂസ് ക്ലിക്ക് ഈ ആരോപണങ്ങളെയെല്ലാം നിഷേധിച്ചിട്ടുണ്ട്. അതേസമയം, ന്യൂസ് ക്ലിക്കിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഡൽഹി പൊലീസ്. എഡിറ്റർ പ്രബീർ പുരകായസ്ഥയെയും എച്ച്.ആര്‍ മാനേജരെയും പ്രത്യേക സെൽ ചോദ്യം ചെയ്തു വരികയാണ്. അഭിശാർ ശർമ, പരൻജോയ് ഗുഹ താക്കൂർത്ത എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളുടെയും മൊബൈൽ ഫോണുകളുടെയും ശാസ്ത്രീയ പരിശോധനയും പുരോഗമിക്കുകയാണ്.
ചൈനീസ് ഫണ്ടിങ് കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെയാണ് റെയ്ഡും അറസ്റ്റുമെന്നാണ് ന്യൂസ് ക്ലിക്ക് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം 46 പേരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത് .