വിദേശ നിർമ്മിത വസ്തുക്കൾ സുഖിപ്പിച്ചേക്കാം, നമ്മുടെ മാതൃഭൂമിയുടെ ഗന്ധം അതിനുണ്ടാകില്ല: പ്രധാനമന്ത്രി
|പ്രാദേശിക ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ചാൽ നമ്മുടെ ആളുകൾക്ക് തൊഴിലില്ലായ്മ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി
വിദേശ നിർമ്മിത വസ്തുക്കൾ നമ്മെ സുഖിപ്പിച്ചേക്കാം, എന്നാൽ നമ്മുടെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെ, നമ്മുടെ മാതൃഭൂമിയുടെ ഗന്ധം അതിന് ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഗുജറാത്തിലെ മോർബിയിൽ 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ജനങ്ങൾ പ്രാദേശിക ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ചാൽ തൊഴില്ലില്ലായ്മയുണ്ടാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഈ ഘട്ടത്തിൽ നിശ്ചലമായി നിൽക്കാൻ ഇന്ത്യയ്ക്കാവില്ലെന്നും നമ്മെളെല്ലാം സ്വയം പര്യാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക തലത്തിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ലോകം മുഴുവൻ ഇങ്ങനെയാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ വീടുകളിൽ നമ്മുടെ ആളുകൾ ഉണ്ടാക്കിയ സാധനങ്ങൾ മാത്രം ഉപയോഗിച്ചാൽ അതുമൂലം തൊഴിൽ ലഭിക്കുന്നവരുടെ എണ്ണം എത്രയാണെന്ന് സങ്കൽപ്പിച്ചു നോക്കൂ, അടുത്ത 25 വർഷത്തിനുള്ളിൽ പ്രാദേശിക ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിച്ചാൽ നമ്മുടെ ആളുകൾക്ക് തൊഴിലില്ലായ്മ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി വിശദമാക്കി.
ഹനുമാൻജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് ഗുജറാത്തിലെ മോർബിയിൽ പ്രതിമ നിർമ്മിച്ചത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നാല് ദിക്കുകളിലായി സ്ഥാപിക്കുന്ന നാല് പ്രതിമകളിൽ രണ്ടാമത്തേതാണ് മോർബിയിലേത്. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രതിമ മോർബി ബാപ്പു കേശവാനന്ദ ആശ്രമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ആദ്യ പ്രതിമ 2010ൽ വടക്ക് ഷിംലയിൽ സ്ഥാപിച്ചു. രാജസ്ഥാനിൽനിന്നുള്ള ശില്പികൾ രണ്ട് വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. തെക്ക് ഭാഗമായ രാമേശ്വരത്ത് മൂന്നാമത്തെ പ്രതിമയുടെ പണി ആരംഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
100 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇതിന്റെ തറക്കല്ലിടൽ ഈ വർഷം ഫെബ്രുവരി 23 നാണ് നടന്നത്. ഹരീഷ് ചന്ദർ നന്ദ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റാണ് പ്രതിമ സ്ഥാപിക്കുന്നത്. 2008 ൽ നിഖിൽ നന്ദയാണ് പദ്ധതി ആരംഭിച്ചത്. ദന്ത സംരക്ഷണ ഉൽപന്നങ്ങൾ നിർമിക്കുന്ന ജെ.എച്ച്.എസ് കമ്പനി ഉടമയായ നന്ദ ഹനുമാൻ ഭക്തൻ കൂടിയാണ്. പതഞ്ജലി, ഡാബർ, ആംവേ തുടങ്ങിയ കമ്പനികൾക്ക് ടൂത്ത് ബ്രഷ് അടക്കമുള്ള ദന്ത സംരക്ഷണ ഉൽപന്നങ്ങൾ ജെ.എച്ച്.എസ് ആണ് ഉൽപാദിപ്പിക്കുന്നത്.