ഹാർദികിനൊപ്പം കോൺഗ്രസ് നേതാവ് ശ്വേത ഭട്ടും ബിജെപിയില്‍
|കോൺഗ്രസ് മുൻ കോർപറേറ്റർ നരേന്ദ്ര ബ്രഹ്‌മദത്തിന്റെ മകളാണ്
അഹമ്മദാബാദ്: പട്ടീദാർ നേതാവ് ഹാർദിക് പട്ടേലിനൊപ്പം ഗുജറാത്തിൽനിന്നുള്ള വനിതാ കോൺഗ്രസ് നേതാവ് ശ്വേതാ ബ്രഹ്‌മ ഭട്ടും ബിജെപിയിൽ ചേർന്നു. ഗുജറാത്തിലെ പാർട്ടി ആസ്ഥാനമായ ശ്രീകമലത്തിൽ സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ ഇവർക്ക് അംഗത്വം കൈമാറി. 35കാരിയായ ഇവർ കഴിഞ്ഞ മാസം കോൺഗ്രസിൽനിന്ന് രാജിവച്ചിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു ഇവർ.
മണിനഗർ മണ്ഡലത്തിൽനിന്ന് മത്സരിച്ച ഇവർ ബിജെപിയുടെ സുരേഷ് പട്ടേലിനോടാണ് പരാജയപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ച മണ്ഡലമാണ് മണിനഗർ. കോൺഗ്രസ് മുൻ കോർപറേറ്റർ നരേന്ദ്ര ബ്രഹ്‌മദത്തിന്റെ മകളാണ്.
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്‌സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഇവർ ഇൻവസ്റ്റ്‌മെന്റ് ബാങ്കർ കൂടിയാണ്. ഗുജറാത്തിലെ കോൺഗ്രസ് പാർട്ടി ഇവന്റ് മാനേജ്‌മെന്റ് കമ്പനി പോലെയാണ് എന്നാണ് ഇവർ ആരോപിക്കുന്നത്. കോൺഗ്രസിന് സംസ്ഥാനത്ത് ജയിക്കാനുള്ള ആഗ്രഹമില്ലെന്നും അവർ കുറ്റപ്പെടുത്തി.
'ഞാൻ എല്ലായ്‌പ്പോഴും മോദിയെ പ്രശംസിച്ചിരുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ബഹുമാനം വർധിച്ചു. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം പ്രചോദനം നൽകുന്നതാണ്. വ്യത്യസ്ത ദിശകളിലേക്ക് സഞ്ചരിക്കുന്ന, അഞ്ച് വ്യക്തികളുള്ള ബോട്ടാണ് കോൺഗ്രസ്. ആ പാർട്ടിയിൽ നേതൃത്വമോ മാനേജ്‌മെന്റോ ഇല്ല' - ബിജെപിയിൽ ചേർന്ന ചടങ്ങിൽ ശ്വേത പറഞ്ഞു.
അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഹാർദിക് പട്ടേൽ ബിജെപിയിൽ അംഗത്വമെടുത്തു.
നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഹാർദിക് കോൺഗ്രസ് വിട്ടത്. കോൺഗ്രസ് ഹിന്ദു വിരുദ്ധരാണെന്നും വികസന വിരോധികളാണെന്നും കുറ്റപ്പെടുത്തിയാണ് ഹാർദിക് പട്ടേലിന്റെ പടിയിറക്കം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഹാർദിക് പാർട്ടി വിട്ടത് കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്. പാട്ടീദാർ സംവരണത്തിന്റെ പേരിൽ പാർട്ടിക്ക് ഭീഷണി സൃഷ്ടിച്ച ഹാർദികിന് അംഗത്വം നൽകുന്നതിൽ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കൾക്കും എതിർപ്പുണ്ട്.
പ്രാദേശിക എതിർപ്പുകളെ അവഗണിക്കാനും ഹാർദിക് പട്ടേലിന് അംഗത്വം നൽകാനുമാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന കാര്യം ഹാർദിക് പട്ടേൽ സ്ഥിരീകരിച്ചത്. ബി.ജെ.പി പ്രവേശനത്തിന്റെ മുന്നോടിയായി ആർട്ടിക്കിൾ 370 പിൻവലിച്ചത് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാർ നടപടികളെ ഹാർദിക് പട്ടേൽ പുകഴ്ത്തിയിരുന്നു.