മുന്‍ ഐബി ഓഫീസര്‍ കുൽക്കർണിയുടെ മരണത്തിൽ ദുരൂഹത: അപകടമല്ല, ആസൂത്രിത കൊലയെന്ന് സംശയം
|സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മൈസൂര്‍: മുൻ ഇന്‍റലിജൻസ് ബ്യൂറോ ഓഫീസര്‍ ആർ.എൻ കുൽക്കർണിയുടെ മരണത്തിൽ ദുരൂഹത. മൈസൂർ സർവകലാശാലയിലെ മാനസഗംഗോത്രി കാമ്പസിൽ സായാഹ്ന നടത്തത്തിനിടെ കുൽക്കര്‍ണിയെ ആസൂത്രിതമായി വണ്ടിയിടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ സംശയം. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മൈസൂര്‍ ശാരദാദേവി നഗര്‍ സ്വദേശിയാണ് കുല്‍ക്കര്‍ണി. 82 വയസ്സ് പ്രായമുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം അദ്ദേഹം പതിവുപോലെ മാനസഗംഗോത്രി കാമ്പസിൽ സായാഹ്ന നടത്തത്തിനായി എത്തി. ഡ്രൈവര്‍ക്കൊപ്പം സ്വന്തം കാറിലാണ് അദ്ദേഹം വന്നത്. വൈകുന്നേരം 5.45ഓടെ നടക്കുന്നതിനിടെ കുല്‍ക്കര്‍ണിയെ ആ വഴി അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടക്കത്തില്‍ അപകട മരണമെന്നാണ് കരുതിയിരുന്നത്. പിന്നീട് അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആസൂത്രിത കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറാണ് അദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചത്. കാര്‍ വരുന്നതുകണ്ട് കുല്‍ക്കര്‍ണി റോഡരികിലേക്ക് മാറിനില്‍ക്കുന്നുണ്ട്. എന്നിട്ടും കാര്‍ വളഞ്ഞുവന്ന് കുല്‍ക്കര്‍ണിയെ ഇടിക്കുകയായിരുന്നു.
കാറില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം തുടങ്ങി. 35 വര്‍ഷം ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്നു കുല്‍ക്കര്‍ണി. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.