India
കോൺഗ്രസിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു; ഭാവിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് അശോക് ചവാൻ
India

'കോൺഗ്രസിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു'; ഭാവിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് അശോക് ചവാൻ

Web Desk
|
12 Feb 2024 10:04 AM GMT

ബി.ജെ.പിയിൽ ചേരുമോ എന്ന ചോദ്യത്തിന് 48 മണിക്കൂറിനുള്ളിൽ മറുപടി നൽകുമെന്നാണ് അശോക് ചവാന്റെ പ്രതികരണം.

ഡൽഹി: ഭാവിയെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വിട്ട, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ. കോൺഗ്രസിന് വേണ്ടി ആത്മാർത്ഥമായാണ് പ്രവർത്തിച്ചതെന്നും കോൺഗ്രസ് വിടാനുള്ള സമയമായെന്നും അശോക് ചവാൻ പറഞ്ഞു. ബി.ജെ.പിയിൽ ചേരുമോ എന്ന ചോദ്യത്തിന് 48 മണിക്കൂറിനുള്ളിൽ മറുപടി നൽകുമെന്നാണ് അശോക് ചവാന്റെ പ്രതികരണം.

മഹാരാഷ്ട്രയിലെ മുൻ കോൺ​ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ ബിജെപിയിലേക്ക് ചേക്കേറി ഒരു മാസത്തിനുള്ളിലാണ് രണ്ടാമതൊരു നേതാവ് കൂടി പാർട്ടി വിടുന്നത്. എം.എൽ.എ സ്ഥാനവും ചവാൻ രാജിവെച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോൺഗ്രസിന് കനത്ത പ്രഹരമാണ് ഇത് സൃഷ്‌ടിക്കുക. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് അശോക് ചവാൻ.

മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതൃത്വത്തിനിടയിൽ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് അശോക് ചവാൻ. 2008 ഡിസംബർ 8 മുതൽ 2010 നവംബർ 9 വരെയാണ് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട കോൺഗ്രസ് പാർട്ടി അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വിലാസ് റാവു ദേശ്‌മുഖ് സർക്കാരിൽ സാംസ്കാരികം, വ്യവസായം, ഖനികൾ, പ്രോട്ടോക്കോൾ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയാണ് അശോക് ചവാൻ.

Similar Posts