India
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാമ്യം
India

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാമ്യം

Web Desk
|
9 March 2022 9:58 AM GMT

പ്രതി 30 വർഷത്തിലധികം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി ജാമ്യം നൽകിയത്

മുൻപ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഉപാധികളോടെ ജാമ്യം. പ്രതി 30 വർഷത്തിലധികം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹത ഉണ്ടെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി ജാമ്യം നൽകിയത്. വിചാരണ കോടതി നിർദേശിക്കുന്ന ഉപാധികൾ പാലിക്കണമെന്ന് കോടതി നിർദേശിച്ചു. എല്ലാ മാസവും സിബിഐ ഓഫീസർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നും പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ബാറ്ററി വാങ്ങിക്കൊടുത്തുവെന്നായിരുന്നു പേരറിവാളനെതിരെ ചുമത്തപ്പെട്ട കുറ്റം. ബാറ്ററി എന്തിനാണ് ഉപയോഗിക്കാൻ പോകുന്നതെന്ന് ഇദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഇക്കാര്യം സിബിഐക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ റിപ്പോർട്ടിൽ അവർ ഉൾപ്പെടുത്തിയില്ല. ഇക്കാര്യം സിബിഐ ഓഫിസർ തുറന്നുപറഞ്ഞിട്ടും ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്ന് പേരറിവാളന്റെ അമ്മ അർപുത അമ്മാളിന്റെ നിയമപോരാട്ടമാണ് ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയത്.

തമിഴ്‌നാട്ടിലെ ശ്രീപെരുപുതൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് രാജീവ് ഗാന്ധി എൽടിടിഇ തീവ്രവാദികളാൽ കൊല്ലപ്പെട്ടത്. രാജീവ് ഗാന്ധി വിജയിച്ചാൽ ശ്രീലങ്കയിൽ വീണ്ടും സൈനിക ഇടപെടൽ നടത്തുമോയെന്ന ഭയമായിരുന്നു കൊലപാതകത്തിന് പിന്നിലെ കാരണം. നേരത്തെ രാജീവ് ഗാന്ധിയുടെ ഭരണത്തിന് കീഴിൽ തമിഴ്പുലികളെ നിരായുധരാക്കാൻ നടത്തിയ സൈനിക ഇടപെടലിൽ അതിക്രമങ്ങളുണ്ടായതായി അവർ ആരോപിച്ചിരുന്നു.

2021 മെയ് 20ന് പേരറിവാളന് പരോൾ നൽകിയിരുന്നു. 30 ദിവസത്തെ പരോളാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുവദിച്ചിരുന്നത്. പേരറിവാളന്റെ അമ്മ അർപുത അമ്മാളിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു പരോൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ പേരറിവാളന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പരോൾ അനുവദിക്കണമെന്നായിരുന്നു അർപുത അമ്മാളിന്റെ അപേക്ഷ. പുഴൽ സെൻട്രൽ ജയിലിലെ തടവുകാരനായിരുന്നു പേരറിവാളൻ. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്ന് വിലയിരുത്തി വിധിച്ച വധശിക്ഷ 2014ലാണ് സുപ്രീം കോടതി ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കുറച്ചത്. 1991 ലാണ് പേരറിവാളനെന്ന അറിവ് അറസ്റ്റിലാകുന്നത്. അന്ന് 19 വയസ്സായിരുന്നു അദ്ദേഹത്തിന്.

വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തെഴുതി

രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു. 2018ൽ തമിഴ്നാട് സർക്കാർ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയിൽ ഇളവ് ചെയ്യണമെന്നും സ്റ്റാലിൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. എസ് നളിനി, മുരുഗൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നാണ് കത്തിൽ അപേക്ഷിച്ചിരുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കാരാഗ്രഹത്തിന്റെ യാതന തിന്നു ജീവിക്കുകയാണ് ഏഴുപേരുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര വേദനയും പ്രയാസങ്ങളും ഇവർ അനുഭവിച്ചുകഴിഞ്ഞിട്ടുണ്ട്. കേസിൽ മാപ്പപേക്ഷിച്ചുള്ള ഇവരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തിൽ കൂടുതൽ കാലതാമസം നേരിടുകയുമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്കു കുറയ്ക്കേണ്ട ആവശ്യം കോടതി തന്നെ അംഗീകരിച്ചതാണെന്നും കത്തിൽ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

ഒരേ നിയമപ്രകാരം കുടുങ്ങി സഞ്ജയ് ദത്തും പേരറിവാളനും; ജാമ്യം ലഭിച്ചത് രണ്ടുരീതിയിൽ

ആയുധനിയമപ്രകാരം ജയിലിലായ എ.ജി പേരറിവാളൻ, അതേകേസിൽ കുടുങ്ങിയ ബോളിവുഡ് നടൻ സഞ്ജയ് ദത്തിന്റെ മോചനവിവരങ്ങൾ തേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സഞ്ജയ് ദത്തിന് മോചനം ലഭിച്ചിട്ടും 29 വർഷമായി ജയിലിൽ കഴിഞ്ഞപ്പോഴാണ് ഈ നീക്കം പേരറിവാളൻ നടത്തിയത്. യെർവാഡ ജയിൽ അധികൃതരിൽ നിന്ന് വിവരാവകാശനിയമപ്രകാരം സഞ്ജയ് ദത്തിന്റെ മോചനവിവരങ്ങൾ അറിയാൻ 2016ൽ പേരറിവാളൻ ശ്രമം നടത്തിയിരുന്നു. അതേ ആവശ്യമുന്നയിച്ച് 2020 ജൂലൈ 28നാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് സഞ്ജയ് ദത്തിനെ മഹാരാഷ്ട്രാ സർക്കാർ മോചിപ്പിച്ചത്. കേന്ദ്ര അനുമതിയില്ലാതെ പേരറിവാളനെ മോചിപ്പിക്കാനാവില്ലെന്നാണ് തമിഴ്‌നാട് സർക്കാർ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ്, ദത്തിന്റെ മോചനത്തിന്റെ വിശദാംശങ്ങൾ തേടുന്നതെന്ന് പേരറിവാളന്റെ അഭിഭാഷകൻ കെ ശിവകുമാർ പറഞ്ഞിരുന്നു. ദത്തിനെ മോചിപ്പിച്ചത് ഭരണഘടനയിലെ 161 അനുച്ഛേദം അനുസരിച്ചാണോ അതോ മഹാരാഷ്ട്രാ ജയിൽ നിയമങ്ങൾ അനുസരിച്ചാണോ അതുമല്ലെങ്കിൽ സിആർപിസി പ്രകാരമാണോ എന്നു വ്യക്തമാക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടിരുന്നു.

Former Prime Minister and Congress leader Rajiv Gandhi's murder accused Perarivalan released on bail

Similar Posts