India
അമരീന്ദർ സിങിനെ മുന്നണിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി
India

അമരീന്ദർ സിങിനെ മുന്നണിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി

Web Desk
|
20 Oct 2021 6:13 AM GMT

അമരീന്ദർ സിംഗിനെ കോൺഗ്രസ് അപമാനിച്ചെന്ന് ബി.ജെ.പി സംഘടന സെക്രട്ടറി ദിനേശ് കുമാർ പറഞ്ഞു

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ അമരീന്ദർ സിങിനെ മുന്നണിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി. അമരീന്ദർ സിംഗിനെ കോൺഗ്രസ് അപമാനിച്ചെന്ന് ബി.ജെ.പി സംഘടന സെക്രട്ടറി ദിനേശ് കുമാർ പറഞ്ഞു. കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ ബി.ജെ.പിയുമായി വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സഹകരിക്കാൻ തയ്യാറാണെന്നും അമരീന്ദർ സിങ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം അമരീന്ദറിന്‍റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ നടത്തിയത്. കർഷക സമരം അവസാനിപ്പിച്ചാൽ ബി.ജെ.പിയുമായി കൂട്ട് ആകാമെന്നും തുക്രാൽ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അമരീന്ദർ സിങ് രൂപവത്കരിക്കുന്ന പുതിയ പാർട്ടി വിവിധ അകാലി ഗ്രൂപ്പുകളുമായി സഖ്യത്തിന് ശ്രമിക്കുമെന്നും കർഷക നിയമങ്ങൾക്കെതിരെ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന കർഷക സമരം അവസാനിപ്പിച്ചാൽ ബി.ജെ.പിയുമായി സഖ്യം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിൽ ആവശ്യം രാഷ്ട്രീയ സ്ഥിരതയും ആഭ്യന്തര, വിദേശ ഭീഷണിയിൽ നിന്നുള്ള സുരക്ഷയുമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പഞ്ചാബില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ അമരീന്ദര്‍ സിങിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നാരും തന്നെ അനുനയിപ്പിക്കാന്‍ വരേണ്ടന്നായിരുന്നു സിങിന്‍റെ നിലപാട്. എന്നാല്‍ ഇതിനിടെ അമരീന്ദര്‍ സിങ് അമിത് ഷായ സന്ദര്‍ശിച്ചത് പല അഭ്യൂഹങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ ബി.ജെ.പിയിലേക്ക് ഇല്ലെന്നായിരുന്നു സിങ് അന്നു വ്യക്തമാക്കിയത്.

Similar Posts