കല്യാണത്തിന് 500ന്റെ 'നോട്ടുമഴ'; അമ്പരന്ന്, ഓടിക്കൂടി നാട്ടുകാർ- പണം വാരാൻ ഉന്തുംതള്ളും
|ഗുജറാത്തിലെ മെഹ്‌സാനയിൽ മുൻ ഗ്രാമമുഖ്യനാണ് 500 രൂപാനോട്ടുകൾ വിവാഹത്തിനെത്തിയവർക്കിടയിലേക്ക് വാരിവിതറിയത്
അഹ്മദാബാദ്: വിവാഹ സൽക്കാരത്തിനിടെ 'കറൻസിമഴ' കണ്ട് ഞെട്ടി നാട്ടുകാർ. ഒരു നിമിഷം പകച്ചുനിന്ന ശേഷം പണം വാരാനായി ഓടിക്കൂടി ജനക്കൂട്ടം. ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഈ കൗതുകം നിറഞ്ഞ സംഭവം.
മുൻ ഗ്രാമമുഖ്യനാണ് ആഘോഷത്തിനു പിന്നിൽ. അനന്തരവന്റെ വിവാഹസൽക്കാരത്തിനിടെയാണ് അതിഥികൾക്കിടയിലേക്ക് 500 രൂപാ നോട്ടുകൾ വാരിവിതറി അമ്മാവന്‍ 'സര്‍പ്രൈസ്' ഒരുക്കിയത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മെഹ്‌സാനയ്ക്കടുത്തുള്ള കെക്രിയിലെ അഗോളിലാണ് കൗതുകം നിറഞ്ഞ 'ആഘോഷം'. മുൻ അഗോൾ ഗ്രാമമുഖ്യനായ കരീം യാദവാണ് അനന്തരവനായ റസാഖിന്റെ വിവാഹത്തിന് പണം വാരിവിതറിയത്. വീടിന്റെ മുകൾ നിലയിൽ കയറിനിന്ന് ആൾക്കൂട്ടത്തിനു നടുവിലേക്ക് കറൻസി നോട്ടുകൾ വാരിവിതറുകയാണ് ഇയാൾ ചെയ്തത്.
വരന്റെ ആഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. ആളുകൾ പണം വാരാൻ വേണ്ടി ഓടിക്കൂടുന്നത് വിഡിയോയിൽ കാണാം. 'ജോധാ അക്ബറി'ലെ 'അസീമോ ഷാൻ ഷെഹിൻഷ' എന്ന ഗാനവും പശ്ചാത്തലത്തിൽ കേൾക്കാം.
സമാനമായ സംഭവം അടുത്തിടെ ബംഗളൂരുവിലും റിപ്പോർട്ട് ചെയ്തിരുന്നു. ജനത്തിരക്കേറിയ മാർക്കറ്റിനടുത്തുള്ള മേൽപ്പാലത്തിനു മുകളിൽനിന്നായിരുന്നു ഒരാൾ പണം വാരിവിതറിയത്. പത്തുരൂപാ നോട്ടുകളായിരുന്നു ഇയാൾ വിതരണം ചെയ്തത്. ഇത് സ്വന്തമാക്കാനായി ജനം ഓടിക്കൂടിയതോടെ റോഡിൽ വൻ ഗതാഗതക്കുരുക്കുമുണ്ടായി. ഒടുവിൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
Summary: Former sarpanch in Gujarat showers cash from his house at nephew's wedding