ബി.ജെ.പി സര്‍ക്കാരിനെ വേരോടെ പിഴുതെറിയുക; ഇന്‍ഡ്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയുമായി മണിക് സര്‍ക്കാര്‍
|അഗര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മണിക് സര്‍ക്കാര്‍
അഗര്‍ത്തല: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനെ പിഴുതെറിയാനും ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തിൽ ജനാധിപത്യ മതേതര സർക്കാർ രൂപീകരിക്കാനും പ്രതിപക്ഷ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് സി.പി.എം പി.ബി അംഗവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ. അഗര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ദാരിദ്ര്യം, തൊഴിലില്ലായ്മ, മോശം വേതനം, വിദ്യാഭ്യാസ, സ്വകാര്യ, ആരോഗ്യ മേഖലകളിലെ സ്വകാര്യവൽക്കരണം തുടങ്ങിയവ രാജ്യത്ത് വ്യാപകമാണ്, അതുകൊണ്ട് നിലവിലെ സർക്കാരിനെ അധികാരത്തിൽ നിന്ന് പിഴുതെറിയേണ്ടതുണ്ട്'' രാജ്യത്തുടനീളമുള്ള പ്രതിപക്ഷത്തെ സഖ്യത്തെ പിന്തുണക്കാനും മണിക് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. "ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നു, കമ്പനികൾ അടച്ചുപൂട്ടുന്നു, തൊഴിലാളി വിഭാഗം ബുദ്ധിമുട്ടുന്നു.ഒരു വശത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള പോരാട്ടവും മറുവശത്ത് നിലനിൽപ്പിനായുള്ള പോരാട്ടവുമാണ്''. യോഗങ്ങളിൽ പങ്കെടുക്കുന്നതിനും രാഷ്ട്രീയ പ്രസംഗങ്ങൾ കേൾക്കുന്നതിനുമപ്പുറം കുടുംബാംഗങ്ങളെ ഏകോപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ''2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങൾക്ക് (അക്രമത്തിൻ്റെ) ആവർത്തനം വേണോ? നിങ്ങൾക്ക് അത് തീർച്ചയായും ആവശ്യമില്ല. പുറത്ത് വന്ന് സ്വന്തം വോട്ട് രേഖപ്പെടുത്തണം. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. തടഞ്ഞാൽ റോഡിലിരുന്ന് പ്രതിഷേധിക്കുക.നിങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്'' മണിക് സര്‍ക്കാര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് സർക്കാർ രൂപീകരിക്കുന്നതിന് പുറമെ രാഷ്ട്രത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതാണെന്ന് ജില്ലയിലെ ബൈഖോരയിൽ നടന്ന പ്രത്യേക പ്രചാരണ പരിപാടിയിൽ സി.പി.എം ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി വ്യക്തമാക്കി. 140 കോടിയിലധികം ജനങ്ങൾ ബി.ജെ.പി സർക്കാരിൻ്റെ സ്വേച്ഛാധിപത്യത്തിന് കീഴിൽ അപകടത്തിലാണെന്നും അതുകൊണ്ടാണ് 27 രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ആശയപരമായ ഭിന്നതകൾ മാറ്റിവെച്ച് ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്‍ഡ്യ മുന്നണി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. “ഇടതു പാർട്ടികളും കോൺഗ്രസും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്, എന്നിട്ടും രാജ്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി ഒരു സഖ്യം രൂപീകരിച്ചു.ചില ഭരണകക്ഷി പിന്തുണയുള്ള ആളുകൾ എല്ലാം നിയന്ത്രിക്കുന്നു - വ്യാപാരം, സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, ത്രിപുരയിലെ സർക്കാർ സേവനങ്ങൾ തുടങ്ങിയവ. ഇവര്‍ക്കെതിരെ ആരെങ്കിലും പ്രതിഷേധിച്ചാൽ ഒന്നുകിൽ ആക്രമിക്കപ്പെടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യും- ചൗധരി കൂട്ടിച്ചേര്‍ത്തു.