India
Found 39 Snakes Inside Door Frame
India

വീട്ടുവാതിലിന്റെ കട്ടിളയിൽ നിന്ന് പുറത്തെടുത്തത് 39 പാമ്പുകളെ; കണ്ണുതള്ളി വീട്ടുകാർ

Web Desk
|
12 April 2023 9:56 AM GMT

വീട് ശുചീകരണത്തിനിടെയാണ് കട്ടിളയ്ക്കുള്ളിൽ ഇത്രയധികം പാമ്പുകൾ‍ ഇരിക്കുന്നത് ജോലിക്കാരിയുടെ ശ്രദ്ധയിൽപ്പെട്ടത്.

ഭോപ്പാൽ: നമ്മുടെ വീടിന്റെ പല ഭാ​ഗത്തും പാമ്പുൾപ്പെടെയുള്ള ജീവികളേയും മറ്റും കാണുന്നതിൽ അതിശയമില്ല. എന്നാൽ വാതിലിന്റെ കട്ടിളയുടെ ഉള്ളിൽ കയറി പാമ്പുകൾ ഇരുന്നാലോ. എന്നാൽ അങ്ങനെയും സംഭവിച്ചു. വീട് ശുചീകരണത്തിനിടെയാണ് കട്ടിളയ്ക്കുള്ളിൽ പാമ്പുകളെ കണ്ടത്.

മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ ഒരു വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. ഒന്നും രണ്ടുമല്ല, 39 പാമ്പുകളെയാണ് ചിതൽബാധയുള്ള കട്ടിളയിൽ നിന്നും പുറത്തെടുത്തത്. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് സ്നേക് റെസ്ക്യൂവർമാർ പാമ്പുകളെ പുറത്തെടുത്തത്. തുടർന്ന് ഇവയെ സമീപത്തെ വനത്തിലേക്ക് തുറന്നുവിട്ടു.

സീതാറാം ശർമയെന്നയാളുടെ വീട്ടിലെ കട്ടിളയാണ് ഈ അപൂർവ സംഭവത്തിന് വേദിയായത്. 20 വർഷം മുമ്പാണ് ഇദ്ദേഹം വീട് പണിതത്. അടുത്തിടെ കട്ടിളയുടെ ഒരു ഭാ​ഗം ചിതലുകൾ തിന്നിരുന്നു. കഴിഞ്ഞ ആഴ്ച വീട്ടുജോലിക്കാരി കട്ടിള വൃത്തിയാക്കുമ്പോൾ, ഒരു ചെറിയ പാമ്പിനെ കണ്ടു.

തുടർന്ന് നന്നായി നോക്കിയപ്പോഴാണ് കട്ടിളയ്ക്കുള്ളിൽ കൂടുതൽ പാമ്പുകൾ ഇരിക്കുന്നത് കണ്ടത്. ഇതോടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് അവർ പാമ്പ് പിടുത്തക്കാരെ വിളിച്ചുവരുത്തി. നാല് മണിക്കൂറിനുള്ളിൽ, കുടുംബത്തെ ഞെട്ടിച്ച് കട്ടിളയ്ക്കുള്ളിൽ നിന്ന് 39 പാമ്പുകളെ അവർ പുറത്തെടുക്കുകയായിരുന്നു.

എന്നാൽ ഇവ വിഷമുള്ള പാമ്പുകളല്ലെന്ന് സ്നേക് റെസ്ക്യൂവർമാർ വ്യക്തമാക്കിയതോടെയാണ് വീട്ടുകാർക്ക് ശ്വാസം നേരെ വീണത്. തുടർന്ന് ഇവയെ പ്ലാസ്റ്റിക്ക് ജാറുകളിലാക്കി കാട്ടിലേക്ക് കൊണ്ടുപോയി തുറന്നുവിടുകയായിരുന്നു.

കട്ടിളയ്ക്കുള്ളിലെ ചിതലിനെയാണ് പാമ്പുകൾ ഭക്ഷിച്ചിരുന്നതെന്ന് റെസ്ക്യൂവറായ ബണ്ടി ശർമ വ്യക്തമാക്കി. ഒരാഴ്ച മുമ്പാണ് പാമ്പുകൾ ജനിച്ചതെന്നും ഏഴ് ഇഞ്ചിൽ കൂടുതൽ നീളമുള്ളവയല്ലെന്നും അവർ അറിയിച്ചു.

Related Tags :
Similar Posts