ചന്ദ്രശേഖർ ആസാദ് വധശ്രമം: നാലുപേർ അറസ്റ്റിൽ
|ഹരിയാന-ഉത്തർപ്രദേശ് പൊലീസിന്റെ സംയുക്ത ഓപറേഷനിലാണ് പ്രതികളെ പിടികൂടാനായത്
അംബാല: ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് വധശ്രമക്കേസിൽ നാലുപേർ അറസ്റ്റിൽ. ഹരിയാനയിലെ അംബാല ജില്ലയിൽനിന്നാണ് നാലംഗ സംഘം പിടിയിലായത്. ഹരിയാന-ഉത്തർപ്രദേശ് പൊലീസിന്റെ സംയുക്ത ഓപറേഷനിലാണ് പ്രതികളെ പിടികൂടാനായത്.
അംബാലയ്ക്കടുത്ത് ഷഹ്‌സാദ്പൂരിൽവച്ചാണ് പ്രതികൾ പൊലീസ് വലയിലായത്. ഹരിയാന സ്വദേശിയായ വികാസ്, യു.പി സ്വദേശികളായ പ്രശാന്ത്, ലോവിഷ്, വികാസ് എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ കർണാൽ ജില്ലയിലെ ഗോണ്ടർ സ്വദേശിയാണ് വികാസ്. മറ്റുള്ളവർ യു.പി സഹാറൻപൂരിലെ റങ്കണ്ടി സ്വദേശികളുമാണ്.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായതെന്ന് ഹരിയാന പ്രത്യേക ദൗത്യസംഘം ഡെപ്യൂട്ടി സൂപ്രണ്ട് അമൻ കുമാർ അറിയിച്ചു. പ്രതികളിൽനിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവരെ യു.പി പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അമൻ കുമാർ പറഞ്ഞു.
കഴിഞ്ഞ ജൂൺ 28നാണ് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ദയൂബന്ദിനടുത്തുവച്ച് ചന്ദ്രശേഖർ ആസാദിനുനേരെ വധശ്രമമുണ്ടായത്. ആസാദ് സഞ്ചരിച്ച കാറിനുനേരെ ഒരു സംഘം വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റ ആസാദിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനായി. വ്യാഴാഴ്ചയാണ് അദ്ദേഹം ആശുപത്രി വിട്ടത്.
Summary: Four arrested from Haryana’s Ambala in Bhim Army chief Chandra Shekhar Azad murder attempt