സ്കൂളിന് സമീപത്തെ മതിലിടിഞ്ഞ് വീണ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
|അഞ്ചിനും ഏഴിനും ഇടയിൽ പ്രായമുള്ള എട്ട് വിദ്യാർഥികൾക്കും ഒരു വനിതാ അധ്യാപികയ്ക്കും മുകളിലേക്കാണ് മതിലിടിഞ്ഞുവീണത്.
ഭോപ്പാൽ: മധ്യപ്രദേശിൽ സ്വകാര്യ സ്കൂളിനടുത്തുള്ള വീടിന്റെ മതിലിടിഞ്ഞു വീണ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. രേവയിലെ ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൺ റൈസേഴ്സ് പബ്ലിക് സ്കൂളിനു സമീപമാണ് അപകടമുണ്ടായത്. അൻഷിക ഗുപ്ത (5), മന്യ ഗുപ്ത (7), സിദ്ധാർഥ് ഗുപ്ത (5), അനുജ് പ്രജാപതി (6) എന്നിവരാണ് മരിച്ചത്.
കുട്ടികൾ പഠിച്ചിരുന്ന സൺറൈസ് പബ്ലിക് സ്കൂളിൽ നിന്ന് 20 മീറ്റർ അകലെയാണ് ഉപേക്ഷിക്കപ്പെട്ട വീട് സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ വിട്ട് വിദ്യാർഥികൾ വീടുകളിലേക്ക് പോവുകയായിരുന്നു. പഴയ വീടിനു കുറുകെ കടക്കുമ്പോൾ പിന്നിലെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
അഞ്ചിനും ഏഴിനും ഇടയിൽ പ്രായമുള്ള എട്ട് വിദ്യാർഥികൾക്കും ഒരു വനിതാ അധ്യാപികയ്ക്കും മുകളിലേക്കാണ് മതിലിടിഞ്ഞുവീണത്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇതിനിടെ, ഗഡ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും അവർ എത്തുമ്പോഴേക്കും നാല് കുട്ടികൾ മരിച്ചിരുന്നു. പരിക്കേറ്റവരെ സംഭവസ്ഥലത്ത് നിന്ന് 11 കിലോമീറ്റർ അകലെയുള്ള ഗംഗിയോയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് കുട്ടികളെയും ഒരു ടീച്ചറേയും അവിടെ എത്തിച്ചെങ്കിലും പിന്നീട് അവരെ രേവയിലെ സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തതായി ഗംഗിയോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടർ പറഞ്ഞു.
മരണത്തിൽ ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അനുശോചനം രേഖപ്പെടുത്തി. മരിച്ച ഓരോ വിദ്യാർഥിയുടെയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടറോട് അദ്ദേഹം ആവശ്യപ്പെട്ടു.