മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ചു; സഹോദരങ്ങളായ നാല് കുട്ടികള്‍ വെന്തുമരിച്ചു
|കുട്ടികളുടെ മാതാവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിലെ പല്ലവപുരത്ത് മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീടിന് തീപിടിച്ച് നാല് കുട്ടികൾ മരിച്ചു. സഹോദരങ്ങളായ സരിക (10), നിഹാരിക (8), സംസ്‌കർ (6), കാലു (4) എന്നിവരാണ് ദാരുണമായി പൊള്ളലേറ്റ് മരിച്ചത്. ജോണി-ബബിത ദമ്പതികളുടെ മക്കളാണ് മരിച്ചത്. കുട്ടികളുടെ മാതാവ് ബബിതക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 60 ശതമാനത്തോളം പൊള്ളലേറ്റ ഇവർ ന്യൂഡൽഹി എയിംസിൽ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ ജോണിക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു.
പല്ലവപുരം ജനതാ കോളനിയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ബെഡ് ഷീറ്റിന് തീപിടിക്കുകയായിരുന്നു. തീ പിന്നീട് ആളി പടർന്നതെന്നും പിതാവ് ജോണി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായാൽ മാത്രമേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.