താജ് മഹൽ മസ്ജിദിൽ നമസ്‌കരിച്ചു; നാലു വിനോദസഞ്ചാരികൾ അറസ്റ്റിൽ
|സിഐഎസ്എഫ് പിടികൂടിയ നാലപേർക്കെതിരെ ഇന്ത്യൻ പീനൽകോഡ് 153 (ലഹള ഉണ്ടാക്കാൻ മനഃപൂർവ്വം ശ്രമിക്കൽ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
ആഗ്ര: താജ്മഹലിനോട് ചേർന്നുള്ള മസ്ജിദിൽ നമസ്‌കരിച്ചതിന് നാലു വിനോദസഞ്ചാരികൾ അറസ്റ്റിൽ. തെലങ്കാനയിൽ നിന്നുള്ള മൂന്നുപേരും യു.പി അസംഗഢിൽ നിന്നുള്ള ഒരാളുമാണ് അറസ്റ്റിലായതെന്ന് ആഗ്ര (സിറ്റി) സൂപ്രണ്ട് ഓഫ് പൊലീസ് വികാസ് കുമാർ അറിയിച്ചു. ആറു പേർ നമസ്‌കരിക്കുന്നതായി കണ്ടെങ്കിലും രണ്ടു പേർ ഓടി രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ താജ്ഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും എസ്പി അറിയിച്ചു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.
വെള്ളിയാഴ്ചകളിൽ മാത്രമാണ് താജ്മഹൽ മസ്ജിദിൽ നമസ്‌കാരത്തിന് അനുമതിയുള്ളത്. അതും മുസ്‌ലിം കാർഡുളള്ള സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമാണ് അനുമതി. മറ്റു ദിവസങ്ങളിൽ ഇവിടെ നമസ്‌കരിക്കാൻ പാടില്ലെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.
'ബുധനാഴ്ച വൈകീട്ട് ഏഴു മണിയോടെ ആറു പേർ താജ് മഹൽ മസ്ജിദിൽ നമസ്‌കരിക്കുന്നത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടു. സിഐഎസ്എഫിനാണ് താജ്മഹലിനകത്ത് സുരക്ഷാ ചുമതല. അതിനാൽ അവർ അനുമതിയില്ലാത്ത ഇടത്ത് നമസ്‌കരിച്ചവരെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ പരിസരത്ത് വൻ ജനക്കൂട്ടമുള്ളതിനാൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു'' എസ്പി വികാസ് കുമാർ വ്യക്തമാക്കി.
സിഐഎസ്എഫ് പിടികൂടിയ നാലപേർക്കെതിരെ ഇന്ത്യൻ പീനൽകോഡ് 153 (ലഹള ഉണ്ടാക്കാൻ മനഃപൂർവ്വം ശ്രമിക്കൽ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ തുടരന്വേഷണം നടക്കുമെന്നാണ് എസ്പി അറിയിക്കുന്നത്. എന്നാൽ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ നമസ്‌കരിക്കാൻ പാടില്ലെന്ന സുപ്രിംകോടതി വിധിപ്പകർപ്പ് നൽകാൻ എഎസ്‌ഐക്ക് കഴിഞ്ഞിട്ടില്ലെന്ന് താജ്മഹൽ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ചെയർമാൻ സയിദ് ഇബ്രാഹിം സെയ്ദി പറഞ്ഞു. അത്തരം നിർദേശം മസ്ജിദിലോ നോട്ടീസ് ബോർഡിലോയില്ലെന്നും സയിദ് ഇബ്രാഹിം സെയ്ദി ചൂണ്ടിക്കാട്ടി. എന്നാൽ സ്മാരകത്തിൽ പുതിയ പ്രവണതകൾ അനുവദിക്കില്ലെന്ന് എഎസ്‌ഐ വ്യക്തമാക്കി.
താജ്മഹൽ തേജോ മഹാലയയാണെന്നും ശിവ ക്ഷേത്രമാണെന്നും ഹിന്ദുത്വ വാദികൾ അവകാശപ്പെട്ട ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. 'സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് താജ്മഹലിൽ നമസ്‌കരിച്ചത് ദേശീയ സുരക്ഷാ പ്രകാരം ശിക്ഷപ്പെടണം. ഇനിയും ഇത് തുടർന്നാൽ തേജോ മഹാലയയിൽ ഞങ്ങൾ പൂജ നടത്തും' രാഷ്ട്രീയ ഹിന്ദു പരിഷത്ത് (ഭാരത്) ദേശീയ പ്രസിഡൻറ് ഗോവിന്ദ് പരാശർ പറഞ്ഞു. കാവിയണിഞ്ഞെത്തിയ ഞങ്ങളുടെ സന്ന്യാസിമാരെ താജ്മഹൽ ഗേറ്റിൽ തടയുകയും നമസ്‌കരിക്കുന്നവരെ വീണ്ടും വീണ്ടും അനുവദിക്കുയാണെന്നും പരാശർ വിമർശിച്ചു. താജ്മഹലിൽ ധർമ സൻസദ് നടത്താനെത്തിയ സന്യാസിയെ അയോധ്യയിലേക്ക് തിരിച്ചയച്ചിരുന്നു.
Four tourists arrested for praying at mosque near Taj Mahal