India
സൗജന്യ സാരി വിതരണത്തിനിടെ തിക്കും തിരക്കും; തമിഴ്‌നാട്ടിൽ നാല് സ്ത്രീകൾ മരിച്ചു
India

സൗജന്യ സാരി വിതരണത്തിനിടെ തിക്കും തിരക്കും; തമിഴ്‌നാട്ടിൽ നാല് സ്ത്രീകൾ മരിച്ചു

Web Desk
|
5 Feb 2023 4:13 AM GMT

നിരവധി പേർക്ക് പരിക്കേറ്റു.പലരുടെയും നില ഗുരുതരമാണ്

ചെന്നൈ: തമിഴ്നാട്ടിലെ വാണിയമ്പാടിയിൽ സൗജന്യ സാരി വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു. തൈപ്പൂയം ആഘോഷത്തിന്റെ ഭാഗമായിരുന്നു സൗജന്യ സാരി വിതരണം നടന്നത്. സാരികൾ വിതരണം ചെയ്യുന്ന സ്ഥലത്ത് ആയിരത്തോളം സ്ത്രീകൾ എത്തിയതായി പൊലീസ് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് നിരവധി സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ വാണിയമ്പാടി താലൂക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ച സ്ത്രീകളുടെ കുടുംബങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തമിഴ് മാസമായ തായ് മാസത്തിലെ പൗർണ്ണമി നാളിൽ ഹിന്ദു തമിഴ് സമൂഹം ആഘോഷിക്കുന്ന ഉത്സവമാണ് തൈപ്പൂയം. തമിഴ്നാട് പൊലീസ് പറയുന്നതനുസരിച്ച്, തൈപ്പൂയം ഉത്സവത്തിന് മുമ്പ് അയ്യപ്പൻ എന്ന പ്രാദേശിക നേതാവാണ് പാവപ്പെട്ടവർക്ക് സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഇതിന് വേണ്ടിയുള്ള ടോക്കൺ വാങ്ങാൻ നിരവധി പേരാണ് എത്തിയത്. സ്ത്രീകളും പുരുഷന്മാരും വൃദ്ധരും കുട്ടികളുമടക്കം വൻ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. മരിച്ച നാലുപേരുംവയോധികരാണെന്നും പൊലീസ് പറഞ്ഞു.

Similar Posts