ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങി 'സന്യാസി'യായി ജീവിതം; 18 വർഷത്തിന് ശേഷം പിടിയിൽ
|മാധ്യമങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ആളുകളെ കബളിപ്പിച്ചത്.
അജ്മീർ: മാധ്യമങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ചയാൾ 18 വർഷത്തിന് ശേഷം പിടിയിൽ. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം സന്യാസിയായി വേഷം മാറി കഴിയുകയായിരുന്ന രാജസ്ഥാനിലെ ജാലോർ സ്വദേശി ഗോപാറാം ആണ് പിടിയിലായത്.
സന്യാസി വേഷത്തിൽ ജയ്പൂർ ജില്ലയിലെ ഫൂലേരയിലായിരുന്നു ഇയാളുടെ താമസം. 2005 ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. മീർഷാഅലി നഗർ നിവാസിയായ രാജേഷ് കുമാർ, അബു റോഡിൽ നിന്ന് അജ്മീറിലേക്ക് ട്രെയിനിൽ സഞ്ചരിക്കുമ്പോൾ പ്രതി സ്വയം പരിചയപ്പെടുത്തി അടുത്ത് വന്നിരിക്കുകയായിരുന്നു.
തുടർന്ന്, പല മാധ്യമ സ്ഥാപനങ്ങളിലെയും ആളുകളെ തനിക്ക് അറിയാമെന്നും റിപ്പോർട്ടറായി ജോലി ശരിയാക്കി നൽകാമെന്നും ഗോപാറാം ഇയാളോട് പറഞ്ഞതായി അജ്മീറിലെ ജിആർപി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
അതിനായി യാത്ര ചെയ്യാൻ 4,250 രൂപ വാങ്ങിയതായും എഫ്ഐആറിലുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലിക്ക് വിളിക്കാതെ വന്നതോടെ ഗോപരാമനെതിരെ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു.
ഈ കേസിൽ ഗോപരാമനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതിയിൽ നിന്ന് ജാമ്യം നേടുകയും തുടർന്ന് ഒളിവിൽ പോവുകയുമായിരുന്നു.