മോദി പറയുന്ന ഇന്ത്യ ഇതല്ല; ഫ്രഞ്ച് നടി ഗോവയിലെ വീടും സ്ഥലവും ഉപേക്ഷിക്കുന്നു
|ഇന്ത്യയുടെ ടൂറിസം സൗഹൃദ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്കിടയിലും താൻ നിരാശനാണെന്നും അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു
നോർത്ത് ഗോവ: ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലുള്ള ഗോവയിലെ വീടും സ്ഥലവും ഉപേക്ഷിക്കുകയാണെന്ന് ഫ്രഞ്ച് നടി മരിയാന്‍ ബോര്‍ഗോ. സ്വത്ത് തർക്കത്തിന്‍റെ പേരിൽ നോർത്ത് ഗോവയിലെ വീട്ടിൽ തന്നെ ബന്ദിയാക്കിയെന്നും മരിയാന്‍ ആരോപിച്ചു. ഇന്ത്യയുടെ ടൂറിസം സൗഹൃദ പ്രതിച്ഛായ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്കിടയിലും താൻ നിരാശനാണെന്നും അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
''ഇത് മോദിയുടെ ഇന്ത്യയല്ല. സൗഹൃദ ടൂറിസം ഇമേജ് സൃഷ്ടിക്കാന്‍ അദ്ദേഹം ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നു. എന്നാൽ സമീപകാല സംഭവങ്ങൾ എന്നെ നിരാശയാക്കി.ഈ നേട്ടങ്ങള്‍ ഗോവയിലെത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല'' മരിയാന്‍ പറഞ്ഞു. പനാജിക്ക് സമീപമുള്ള ബീച്ച് ടൗണായ കലാൻഗുട്ടിലാണ് മരിയാന്‍റെ ബംഗ്ലാവ്. കഴിഞ്ഞയാഴ്ച, തന്‍റെ വസ്തുവിൽ അവകാശവാദമുന്നയിച്ച ആളുകൾ തന്‍റെ വീട്ടിലെ വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കുകയും ഇരുട്ടിൽ ജീവിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് 75 കാരിയായ നടി ആരോപിച്ചു.നിലവിലെ സാഹചര്യങ്ങൾ കാരണം തന്‍റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്നും അവർ അവകാശപ്പെട്ടു.
വീടിന്‍റെ മുന്‍ ഉടമയുടെ ഭാര്യയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഇവരുടെ ആരോപണം. താന്‍ വാങ്ങിയ വീടിനു മേല്‍ ഇവര്‍ വ്യാജ ഉടമസ്ഥാവകാശം ഉന്നയിക്കുകയാണെന്നും മരിയാന്‍ പറയുന്നു.തർക്കം കോടതിയിലെത്തിയതിനാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ലോക്കൽ പൊലീസ് അറിയിച്ചിട്ടുണ്ട്. 2008-ൽ ഫ്രാൻസിസ്കോ സൗസ എന്ന അഭിഭാഷകനിൽ നിന്നാണ് താൻ വീട് വാങ്ങിയതെന്നും എന്നാൽ കോവിഡ് സമയത്ത് സൗസ മരിച്ചതിനെത്തുടർന്ന് കാര്യങ്ങൾ മോശമായെന്നും മരിയാൻ വിശദീകരിച്ചു.
യൂറോപ്പിലും ഇന്ത്യയിലുടനീളമുള്ള സിനിമകളിലും ടെലിവിഷനിലും തിയറ്ററിലും മരിയാൻ ബോർഗോ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. "പ്രൊഫൈലേജ്" എന്ന ഫ്രഞ്ച് ത്രില്ലർ പരമ്പരയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.