ലൈംഗികാരോപണം: പ്രജ്വലിനും പിതാവ് രേവണ്ണയ്ക്കുമെതിരെ വീണ്ടും ലുക്ക് ഔട്ട് നോട്ടീസ്; സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും
|പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും
ബെംഗളൂരു: ലൈംഗികാരോപണ പരാതിക്ക് പിന്നാലെ രാജ്യം വിട്ട ജെ ഡി എസ് എംപി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും. അന്വേഷണത്തിന്റെ ഭാഗമായി ഹോളനരസിപുരയിലെ രേവണ്ണയുടെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തി. റെയ്ഡിനിടെ ജെ ഡി എസ് പ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി. ലൈംഗികാരോപണം നേരിടുന്ന പ്രജ്വല്‍ രേവണ്ണക്കും എച്ച്.ഡി. രേവണ്ണക്കും എതിരെ പുതിയ രണ്ടാമത്തെ ലുക്ക് ഔട്ട് നോട്ടീസ് കർണാടക സർക്കാർ പുറത്തുവിട്ടിരുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയിച്ചത്. എച്ച്ഡി രേവണ്ണ വിദേശത്തേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യം ഒരു ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇന്നലെ രണ്ടാമത്തെ നോട്ടീസ് നല്‍കി. നോട്ടീസുകള്‍ക്ക് മറുപടി നല്‍കാന്‍ അവര്‍ക്ക് ഇന്ന് വൈകുന്നേരം വരെ സമയമുണ്ട് എന്നും ജി.പരമേശ്വര പറഞ്ഞു. ഹാസന്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമാണ് പ്രജ്വല്‍ രേവണ്ണ.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സമയം തേടിയതിന് പിന്നാലെയാണ് എച്ച്.ഡി. രേവണ്ണക്കും മകന്‍ പ്രജ്വല്‍ രേവണ്ണക്കുമെതിരെ ആദ്യ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം പ്രജ്വല്‍ രേവണ്ണ വിദേശത്തേക്ക് കടന്നതായാണ് വിവരം.
പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ പരാതികള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി രംഗത്തെത്തിയത്. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകര്‍ത്തിയെന്നയിരുന്നു വനിതാ നേതാവിന്റെ പരാതി. മൂന്നുവര്‍ഷത്തോളം പീഡനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.
വീട്ടിലെ ജോലിക്കാരിയായിരുന്ന 47 കാരിയാണ് ആദ്യമായി ഇരുവര്‍ക്കുമെതിരെ പരാതിയുമായി എത്തിയത്.വീട്ടുജോലിക്കാരായ സ്ത്രീകളെ പ്രജ്വലും രേവണ്ണയും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വിഡിയോ പകര്‍ത്തുകയും ചെയ്തെന്നാണു പരാതിയിലുള്ളത്. വീട്ടുജോലിക്കു ചേര്‍ന്ന് നാലാം മാസം തന്നെ രേവണ്ണ നിരന്തരം ഫോണില്‍ വിളിച്ചു റൂമില്‍ വരാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നു പരാതിക്കാരി പറയുന്നു. ആ സമയത്ത് ആറു സ്ത്രീ തൊഴിലാളികളാണു വീട്ടിലുണ്ടായിരുന്നത്. പ്രജ്വല്‍ രേവണ്ണ വീട്ടിലെത്തിയാല്‍ എല്ലാവരും ഭീതിയിലാകും. വീട്ടിലുള്ള പുരുഷന്മാരായ ജീവനക്കാര്‍ സൂക്ഷിക്കണമെന്ന് എല്ലായ്പ്പോഴും സ്ത്രീകള്‍ക്കു മുന്നറിയിപ്പ് നല്‍കാറുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്..
അതേസമയം, പരാതിക്കാരിയായ വീട്ടുവേലക്കാരിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയില്‍ എച്ച്.ഡി. രേവണ്ണക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ത്രീയുടെ മകന്റെ പരാതിയില്‍ മൈസൂരു ജില്ലയിലെ കെ.ആര്‍ നഗര്‍ പൊലീസ് ആണ് കേസെടുത്തത്. രേവണ്ണ ഒന്നാം പ്രതിയും തട്ടിക്കൊണ്ടുപോകാന്‍ നിയോഗിച്ചതായി പരാതിയില്‍ പറയുന്ന സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.