India
Manipur police

മണിപ്പൂര്‍ പൊലീസ് 

India

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമുള്ള പൊലീസ് സ്റ്റേഷൻ വളഞ്ഞു ജനക്കൂട്ടം; പൊലീസുമായി ഏറ്റുമുട്ടി

Web Desk
|
2 Nov 2023 1:18 AM GMT

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു

ഇംഫാല്‍: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്‍റെ ഓഫീസിന് സമീപമുള്ള പൊലീസ് സ്റ്റേഷൻ വളഞ്ഞു ജനക്കൂട്ടം. ആയുധങ്ങൾക്ക് കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. നഗരത്തിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി.ആരംബയ് തെങ്കോൽ എന്നു പേരുള്ള പ്രാദേശിക യുവജന കൂട്ടായ്മയാണ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്.

ഇംഫാൽ വെസ്റ്റ് ജില്ലയിൽ രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസിനും സമീപം സ്ഥിതി ചെയ്യുന്ന ഒന്നാം മണിപ്പൂർ റൈഫിൾസ് കോംപ്ലക്സാണ് ഒരു സംഘം ഉപരോധിച്ചത്. പൊലീസ് സ്റ്റേഷനിൽനിന്ന് ആയുധങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. മോറേയിൽ തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്താം ആനന്ദ് അജ്ഞാതന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവർ സ്റ്റേഷനിലെത്തിയത്.

പൊലീസും ബിഎസ്എഫും സംയുക്തമായി ഹെലിപാഡ് നിർമിക്കുന്നതിനായി ഈസ്റ്റേൺ ഷൈൻ സ്‌കൂൾ ഗ്രൗണ്ട് വൃത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനിടെ സ്‌നൈപ്പർ ആക്രമണത്തിൽ ഇംഫാൽ നിവാസിയായ എസ്‌ഡിപിഒ ചിങ്താം ആനന്ദ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന്, ഒക്‌ടോബർ 31 ന് എസ്‌ഡിപിഒ കൊല്ലപ്പെട്ട തെങ്‌നൗപാൽ ജില്ലയിലെ മോറെ ടൗണിൽ അധിക പോലീസ് കമാൻഡോകളെ വിന്യസിച്ചതിൽ പ്രതിഷേധിച്ച് ബുധനാഴ്ച അർദ്ധരാത്രി മുതൽ 48 മണിക്കൂർ ബന്ദിന് ഒരു ആദിവാസി വിദ്യാർഥി സംഘടന ആഹ്വാനം ചെയ്തു.മറ്റൊരു സംഭവത്തിൽ, ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് തെങ്‌നൗപാൽ ജില്ലയിലെ സിനാമിൽ സംസ്ഥാന സേനയുടെ വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികൾ പതിയിരുന്ന് ആക്രമണം നടത്തിയപ്പോൾ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് വെടിയേറ്റ് പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Related Tags :
Similar Posts