India
From Hijab Ban to Kerala Story; BJPs anti-Muslim-communal cards torn in Karnataka
India

ഹിജാബ് വിലക്ക് മുതൽ കേരളാ സ്റ്റോറി വരെ; കർണാടകയിൽ കീറിയ ബിജെപിയുടെ മുസ്‌ലിം വിരുദ്ധ- വർ​ഗീയ കാർഡുകൾ

ഷിയാസ് ബിന്‍ ഫരീദ്
|
13 May 2023 12:08 PM GMT

ഉഡുപ്പി കോളജില്‍ ആരംഭിച്ച് പിന്നീട് സംസ്ഥാനമൊട്ടാകെ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം മുതൽ‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി തന്നെ നടത്തിയ കേരളാ സ്റ്റോറി പ്രചരണവും വരെയെത്തി നിൽക്കുന്ന വർ​ഗീയ നീക്കങ്ങളാണ് കർണാടകയിൽ തകർന്നടിഞ്ഞത്.

ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പിലെ ഭീമൻ പരാജയത്തിലൂടെ കീറപ്പെട്ടത് അധികാരത്തുടർച്ച ലക്ഷ്യമിട്ട് ബിജെപി ഇറക്കിയ നിരവധി മുസ്‌ലിം വിരുദ്ധ- വർ​ഗീയ കാർഡുകളും. ഉഡുപ്പി സര്‍ക്കാര്‍ പിയു കോളജില്‍ ആരംഭിച്ച് പിന്നീട് സംസ്ഥാനമൊട്ടാകെ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം മുതൽ‍ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നടത്തിയ കേരളാ സ്റ്റോറി പ്രചരണവും വരെയെത്തി നിൽക്കുന്ന വർ​ഗീയ നീക്കങ്ങളാണ് കർണാടകയിൽ തകർന്നടിഞ്ഞത്. ഹിജാബ് നിരോധനം, ലൗ ജിഹാദ്, ഹലാൽ, ഏക സിവിൽ കോഡ്, മുസ്‌ലിം സംവരണം എടുത്തുകളയൽ, കേരളാ സ്റ്റോറി എന്നിങ്ങനെ നീളുന്നു ആ നിര.

ഹിജാബ് വിലക്ക്

2021 ഡിസംബര്‍ 27നാണ് ഉഡുപ്പി സര്‍ക്കാര്‍ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ ശ്രമിച്ച ആറ് വിദ്യാര്‍ഥിനികളെ തടഞ്ഞതും തുടർ ദിവസങ്ങളിൽ ഇതാവർത്തിച്ചതും. പിന്നീട് വിദ്യാർഥികൾ കലക്ടർ ഉൾപ്പെടെയുള്ളവരെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് മാത്രമല്ല, പിന്നീട് സർക്കാർ ഇടപെട്ട് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് നടപ്പാക്കുകയുമായിരുന്നു.

പിന്നീട് ഹൈക്കോടതി ഇത് ശരിവയ്ക്കുകയും കേസ് സുപ്രിംകോടതിയിലെത്തുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ സുപ്രിംകോടതിയിൽ നിന്ന് ഭിന്നവിധിയുണ്ടായതിനെ തുടർന്ന് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു. നിരവധി വിദ്യാർഥികളുടെ പഠനവും പരീക്ഷകളും മുടങ്ങാനും അധ്യയനം പാതിവഴിയിൽ അവസാനിപ്പിക്കാനും കാരണമായ ഹിജാബ് വിലക്ക് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഫലം.

മാത്രമല്ല, സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്‌കൂളുകളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് പറഞ്ഞ കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് ഈ തെരഞ്ഞെടുപ്പിൽ തോൽക്കുകയും താൻ നിയമസഭാ മന്ദിരത്തിനുള്ളിൽ ഹിജാബ് ധരിക്കുന്നത് നിങ്ങൾക്ക് പറ്റുമെങ്കിൽ തടയൂവെന്ന് വെല്ലുവിളിച്ച് രം​ഗത്തെത്തിയ കനീസ് ഫാത്തിമ എംഎൽഎ ഗുൽബർഗ നോർത്തിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ലൗ ജിഹാദ് പ്രചരണം

സംഘ്പരിവാർ വ്യാജ പ്രചരണമായ ലൗ ജിഹാദ് ഉയർത്തിക്കാട്ടി വ്യാപക വർ​ഗീയ പ്ര‌ചരണം നടത്തിയ ബിജെപി, ഇതിന് തടയിടാനെന്ന പേരിൽ മതംമാറ്റ നിരോധന നിയമം പാസാക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷമായ കോൺഗ്രസിന്റെയും ജെഡിഎസിന്റെയും കടുത്ത എതിർപ്പുകൾക്കിടയിൽ ഒക്ടോബർ ആദ്യമാണ് കർണാടകയിൽ, വിവാദമായ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. നിയമസഭ സെപ്തംബറിൽ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവെച്ചതോടെയായിരുന്നു ഇത്.

നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്തശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. ഇതു പ്രകാരം ഒക്ടോബറിൽ തന്നെ ഒരു മുസ്‌ലിം യുവാവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ബംഗളൂരു ബി.കെ നഗർ സ്വദേശിയായ മുഈനെതിരെയാണ് പ്രസ്തുത നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം യശ്വന്ത്പുര പൊലീസ് കേസെടുത്തത്. കോഴിക്കട നടത്തിപ്പുകാരനായ മുഈൻ ഉത്തർപ്രദേശ് സ്വദേശിനിയായ ഖുഷ്ബു എന്ന 18 കാരിയെ വിവാഹ വാഗ്ദാനം നൽകി മതംമാറ്റിയെന്നാരോപിച്ചായിരുന്നു കേസെടുത്തത്.

മാത്രമല്ല, സർക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കാൻ ‘ലൗ ജിഹാദ്’ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റും എം.പിയുമായ നളിൻ കുമാർ കട്ടീൽ രം​ഗത്തെത്തിയിരുന്നു . അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ലൗ ജിഹാദിന് മുൻഗണന നൽകുകയാണ് വേണ്ടതെന്നായിരുന്നു ഇയാളുടെ വാദം. ബിജെപി സർക്കാരിന് മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരാനാവൂ. റോഡ്, അഴുക്കുചാൽ പോലുള്ള ചെറിയ വിഷയങ്ങൾ ജനങ്ങളോട് സംസാരിക്കരുതെന്നും ഇയാൾ പറഞ്ഞിരുന്നു.

ഹലാൽ വിരുദ്ധ പ്രചരണം

സംസ്ഥാനത്ത് വർ​ഗീയ ധ്രുവീകരണത്തിന് ബിജെപി പയറ്റിയ മറ്റൊരു നീക്കമായിരുന്നു ഹലാൽ വിരുദ്ധ പ്രചരണം. ഹലാൽ മാംസ വിപണി എക്കണോമിക് ജിഹാദാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചപ്പോൾ അത് നിരോധിക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാനും സർക്കാർ നീക്കം നടത്തിയിരുന്നു.

ഹലാൽ മാംസ കച്ചവടം ‘സാമ്പത്തിക ജിഹാദ്’ ആണെന്നും അത് നിരോധിക്കണം എന്നുമാവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറി സി ടി രവിയാണ് രം​ഗത്തെത്തിയത്. ഹലാൽ മാംസം എന്ന ആശയം കൊണ്ട് അർഥമാക്കുന്നത് അവർക്കിടയിൽ മാത്രം വ്യാപാരം നടത്താനും അവരുടെ ആളുകൾക്ക് മാത്രമേ അത് കഴിക്കാൻ കഴിയൂ എന്നതുമാണ്. അത് തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചതിൽ എന്താണ് തെറ്റെന്നും രവി പറഞ്ഞിരുന്നു.

ഹലാലിനെതിരെ ഗുരുതരമായ എതിർപ്പുകൾ ഉയർന്നിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അത് പരിശോധിക്കുമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ബിൽ‍ അവതരിപ്പിക്കാനും സർക്കാർ നീക്കം ആരംഭിച്ചിരുന്നു. സ്വകാര്യ ബില്ലായി അവതരിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ പിന്നീട് ഇത് നടക്കാതെ പോവുകയായിരുന്നു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബിജെപി സർക്കാർ ബോധപൂർവം ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചിരുന്നു.

ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽ നിയമം നടപ്പാക്കും എന്നത്. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ആദ്യം ഒരു ഉന്നതതല സമിതിയെ ചുമതലപ്പെടുത്തുമെന്നും അവരുടെ നിർദേശ പ്രകാരം പിന്നീട് നിയമം നടപ്പിലാക്കുമെന്നുമായിരുന്നു വാഗ്ദാനം. നേരത്തെ, ഗോവധ നിരോധനം നിയമമാക്കിയ സംസ്ഥാനമാണ് കർണാടകം.

മുസ്‌ലിം സംവരണം എടുത്തുകളഞ്ഞു

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഒബിസി മുസ്‌ലിംകൾക്കുണ്ടായിരുന്ന നാലു ശതമാനം സംവരണം എടുത്തുകളഞ്ഞത്. മാർച്ച് 24നായിരുന്നു ഇത്. മുസ്‌ലിം വിഭാ​ഗത്തെ സാമ്പത്തിക സംവരണക്കാര്‍ക്കുള്ള വിഭാ​ഗത്തിലേക്കാണ് മാറ്റിയത്. ഇതോടെ ബ്രാഹ്മണ വിഭാ​ഗം അടക്കം പ്രബല സമുദായത്തിൽ നിന്നുള്ളവരോട് മത്സരിച്ചുവേണം മുസ്‌ലിംകൾക്ക് സംവരണം നേടാന്‍ എന്ന അവസ്ഥയായി.

മുസ്‌ലിംകളിൽ നിന്ന് എടുത്തുമാറ്റിയ നാലു ശതമാനം സംവരണം രണ്ട് പ്രബല സമുദായങ്ങളായ വീരശൈവ- ലിംഗായത്തുകള്‍ക്കും വൊക്കലിഗകള്‍ക്കും തുല്യമായി വീതിച്ചു നല്‍കുകയാണ് ചെയ്തത്. ഇതോടെ വൊക്കലി​ഗരുടെ ഒബിസി സംവരണം ആറു ശതമാനവും ലിം​ഗായത്തിന്റെത് ഏഴു ശതമാനവുമായി ഉയര്‍ന്നു. സംവരണം ഉയര്‍ത്തണമെന്ന് ഇരു വിഭാ​ഗത്തിന്റെയും ആവശ്യം അം​ഗീകരിച്ചത് ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ​ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി.

എന്നാൽ, സർക്കാർ നടപടിയെ വിമർശിച്ച് സുപ്രിംകോടതി രം​ഗത്തെത്തിയിരുന്നു. തീർത്തും തെറ്റായ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ നടപടിയിൽ പ്രഥമദൃഷ്ട്യാ പോരായ്മകളുള്ളതായി ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതോടെ, തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തത്‌കാലം നിയമനമോ പ്രവേശനമോ നടത്തില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.

അതേസമയം, അധികാരത്തിലെത്തിയാൽ ബിജെപി റദ്ദാക്കിയ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും സംവരണപരിധി ഉയർത്തുമെന്നുമെന്നായിരുന്നു കോൺ​ഗ്രസിന്റെ പ്രധാന വാഗ്ദാനം. 50 ശതമാനം സംവരണപരിധി 70 ശതമാനമായി ഉയർത്തുമെന്നായിരുന്നു അവരുടെ പ്രഖ്യാപനം. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 1995ലാണ് ഒബിസി വിഭാ​ഗത്തില്‍ മുസ്‌ലിംകൾക്ക് നാലു ശതമാനം സംവരണം ഏർപ്പെടുത്തിയത്. രണ്ട് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഈ സംവരണമാണ് ബൊമ്മൈ സർക്കാർ പ്രബല സമുദായങ്ങളുടെ വോട്ട് ലക്ഷ്യമിട്ട് എടുത്തുകളഞ്ഞത്.

കേരള സ്റ്റോറി പ്രചരണം

ഗുരുതരമായ അഴിമതി ആരോപണങ്ങളിലും ഭരണവിരുദ്ധ വികാരത്തിലും പ്രതിരോധത്തിലായ കര്‍ണാടകയിലെ സർക്കാരിനെ കര കയറ്റാൻ ബിജെപിയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു വർ​ഗീയ-വിദ്വേഷ-വ്യാജ ഉള്ളടക്കങ്ങളോടെ പുറത്തിറങ്ങിയ 'ദി കേരളാ സ്റ്റോറി' സിനിമ. പ്രധാനമന്ത്രി മോദിയെ കൊണ്ടുതന്നെ ഈ പ്രചരണത്തിന് ചുക്കാൻ പിടിപ്പിക്കുകയും ചെയ്തു.

'കേരളാ സ്റ്റോറി'യെ പിന്തുണച്ച് രം​ഗത്തെത്തിയ മോദി, തീവ്രവാദം തുറന്നുകാട്ടുന്ന സിനിമയാണ് അതെന്നായിരുന്നു അവകാശപ്പെട്ടത്. തീവ്രവാദത്തിനെതിരായ ചിത്രത്തിനെയാണ് കോൺഗ്രസ് എതിർക്കുന്നത്. വോട്ടു നേടാനായി തീവ്രവാദത്തോട് കോൺഗ്രസ് മൃദുസമീപനമാണ് സ്വീകരിച്ചതെന്നും മോദി ആരോപിച്ചിരുന്നു. കർണാടകയിലെ ബെല്ലാരിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ഭീകരതയേയും തീവ്രവാദ പ്രവണതയേയും തുറന്നുകാട്ടുന്ന ചിത്രങ്ങളെ കോൺഗ്രസ് എതിർക്കുന്നതായും വോട്ടുബാങ്കിന് വേണ്ടിയാണ് അവരിത് ചെയ്യുന്നതെന്നും സിനിമയ്ക്കെതിരായി ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടാക്കുന്നത് അവരാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ വർ​ഗീയ കാർഡുകളിലൂടെ ഭരണം നിലനിർത്താമെന്നു ബിജെപി കരുതിയെങ്കിലും തെര‍ഞ്ഞെടുപ്പ് വന്നപ്പോൾ അതെല്ലാം വോട്ടർമാർ കീറി എറിയുകയായിരുന്നു.




Similar Posts