വേഷംമാറി കാറുകളിലും ബൈക്കിലും; അമൃത്പാല്‍ സിങ് രക്ഷപ്പെടുന്ന ദൃശ്യം പുറത്ത്
|80,000 പൊലീസുകാർ ഉണ്ടായിട്ട് അമൃത്പാല്‍ എങ്ങനെ രക്ഷപ്പെട്ടെന്ന് കോടതി
ഡല്‍ഹി: ആയിരക്കണക്കിന് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് നാലാം ദിവസവും പിടുകൊടുക്കാതെ ഖലിസ്ഥാൻ നേതാവ് അമൃത്പാല്‍ സിങ്. കാറുകളിലും ബൈക്കിലുമായി അമൃത്പാല്‍ സിങ് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമൃത്പാൽ ശനിയാഴ്ച ജലന്ധറിലെ ടോള്‍ പ്ലാസയില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമൃത്പാല്‍ മാരുതി ബ്രസ കാറിന്റെ മുന്സീറ്റിലിരിക്കുന്നത് കാണാം. അതിനു മുന്‍പ് മെഴ്സിഡസിലാണ് അമൃത്പാല്‍ സഞ്ചരിച്ചത്. കാര്‍ വിട്ട് അമൃത്പാല്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ മറ്റൊരു ദൃശ്യവും പുറത്തുവന്നു. വാഹനങ്ങളില്‍ മാറിമാറി കയറുന്നതിനിടെ ഇയാള്‍ വസ്ത്രങ്ങളും മാറ്റിയിട്ടുണ്ട്. ഒരു ഗുരുദ്വാരയിൽ ഒളിച്ചിരിക്കുകയായിരുന്ന ഇയാൾ രൂപത്തിലും മാറ്റം വരുത്തിയെന്ന് പൊലീസ് കരുതുന്നു. അമൃത്പാലിന്റെ പല രൂപത്തിലുള്ള ഫോട്ടോകള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അമൃത്പാല്‍ സഞ്ചരിച്ച ബ്രെസ്സ പിടിച്ചെടുത്തു. അമൃത്പാലിനെ ഓടിപ്പോകാൻ സഹായിച്ച നാല് പേര് ഉള്‍പ്പെടെ 120 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമൃത്പാൽ സിങിനായുള്ള തെരച്ചില്‍ തുടരുന്നതിനിടെ പൊലീസിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചു. 80,000 പൊലീസുകാർ ഉണ്ടായിട്ട് അമൃത്പാല്‍ എങ്ങനെ രക്ഷപ്പെട്ടെന്നാണ് കോടതി ചോദിച്ചത്. അമൃത്പാലിനും അനുയായികൾക്കുമെതിരെ എന്‍.എസ്.എ ചുമത്തിയതായി ഐജി കോടതിയെ അറിയിച്ചു.
അമൃത്പാല്‍ രാജ്യംവിടാനുള്ള സാധ്യതയുള്ളതിനാൽ അതിർത്തികളിലും പരിശോധന തുടങ്ങി. രാജ്യത്തിനു പുറത്തും അമൃത്പാലിന് നിരവധി അനുയായികൾ ഉള്ളതിനാലാണ് അതിർത്തികളിലും പരിശോധന ശക്തമാക്കാൻ തീരുമാനിച്ചത്. അമൃത്പാല്‍ ഒളിവിൽ കഴിയുന്നത് എവിടെയാണെന്ന് കൃത്യമായ വിവരം പഞ്ചാബ് പൊലീസിന് ലഭിച്ചിട്ടില്ല. അറസ്റ്റിലായ സംഘാംഗങ്ങളെ ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അമൃത്പാലിനായി തെരച്ചിൽ നടത്തുന്നത്. അമൃത്പാലിന്റെ അറസ്റ്റോടെ ഉണ്ടാകാൻ ഇടയുള്ള സംഘർഷം നേരിടാൻ അർധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
Summary: Khalistani leader Amritpal Singh, who has dodged thousands of policemen for four days in a dramatic hunt across Punjab, has been caught in security footage during different stages of his escape