ആരു മുഖ്യമന്ത്രിയായാലും ഗുജറാത്തിലെ ഭരണം മോദി 'നേരിട്ട്'; പിന്നിൽ ഈ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ
|പതിനഞ്ചു വർഷമായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈ ഉദ്യോഗസ്ഥന്റെ സാന്നിധ്യമുണ്ട്.
അഹമ്മദാബാദ്: നരേന്ദ്രമോദിക്ക് ശേഷം മൂന്നു പേരാണ് ഗുജറാത്തില്‍ മുഖ്യമന്ത്രിക്കസേരയിലിരുന്നത്. ആനന്ദി ബെൻ പട്ടേൽ, വിജയ് രൂപാനി, ഭൂപേന്ദ്ര പട്ടേൽ എന്നിവർ. എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ ആരു വന്നാലും പോയാലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇളക്കം തട്ടാത്ത ഒരാളുണ്ട്, ഒരു മലയാളി ഉദ്യോഗസ്ഥന്. വടകരക്കാരനായ ഐഎഎസ് ഓഫീസര്‍ കുനിയിൽ കൈലാഷ്നാഥന്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള പാലമാണ് കൈലാഷ്നാഥന്. ഒന്നും രണ്ടും വർഷമല്ല, പതിനഞ്ചു വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമാണ് ഈ ഉദ്യോഗസ്ഥന്.
അധികാര ഇടനാഴികളില്‍ കെ.കെ എന്ന ചുരുക്കപ്പേരിലാണ് കൈലാഷ്നാഥന് അറിയപ്പെടുന്നത്. മോദി മുഖ്യമന്ത്രി പദം കൈയാളിയിരുന്ന 2006 മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. 2013ൽ സർവീസിൽ നിന്ന് വിരമിച്ചെങ്കിലും ഏഴു തവണയാണ് ഈ ഉദ്യോഗസ്ഥന് സർക്കാർ സർവീസ് നീട്ടി നൽകിയത്. നിലവിൽ ഭൂപേന്ദ്ര പട്ടേലിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം മോദിക്ക് കീഴിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു.
2014ൽ ന്യൂഡൽഹിയിലേക്ക് കളം മാറിയ വേളയിൽ തന്റെ വിശ്വസ്തരായ നിരവധി ഉദ്യോഗസ്ഥരെ മോദി ഗുജറാത്തില്‍നിന്ന് കൂടെ കൊണ്ടു വന്നിരുന്നു. എകെ ശർമ്മ, ഹസ്മുഖ് അധിയ, ജിസി മുർമു, സഞ്ജയ് ഭാവ്സർ, പികെ മിശ്ര എന്നിവർ അവരിൽ ചിലരാണ്. എന്നാൽ കൈലാഷ് നാഥിനെ മാത്രം ഗുജറാത്തിൽ തന്നെ നിർത്തുകയായിരുന്നു.
സംസ്ഥാനത്തെ ഏറ്റവും ശക്തനായ ബ്യൂറോക്രാറ്റായി അറിയപ്പെടുന്നയാളാണ് കൈലാഷ്നാഥൻ. സൂറത്ത്, സുരേന്ദ്രനഗർ ജില്ലകളിലെ കലക്ടറായിരുന്നു. 1999-2001 കാലയളവിൽ അഹമ്മദാബാദ് മുനിസിപ്പൽ കമ്മിഷണറായും ജോലി ചെയ്തിട്ടുണ്ട്.
വടകരയില്‍ ജനിച്ച കൈലാഷ്നാഥന് വളർന്നതും പഠിച്ചതും തമിഴ്നാട്ടിലാണ്. ഊട്ടിയിലെ പോസ്റ്റൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദമെടുത്തത്. യൂണിവേഴ്സിറ്റി ഓഫ് വെയിൽസിൽ നിന്ന് ബിരുദാനന്തര ബിരുദവും. അഹമ്മദാബാദിലെ റാപിഡ് ബസ് ട്രാൻസിറ്റ് പദ്ധതി, നർമദ തീരത്തെ ജല പദ്ധതി എന്നിവ വിജയകരമായി നടപ്പാക്കിയതോടെയാണ് ഇദ്ദേഹം മോദിയുടെ ഇഷ്ടക്കാരനായി മാറിയത്.
ഇപ്പോൾ സംസ്ഥാനത്തെ മോദിയുടെ ഇഷ്ടപദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നതും കൈലാഷ്നാഥനാണ്. സബർമതി ആശ്രമം വികസനപദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്. പദ്ധതിയുടെ നിർവാഹക കൗൺസിൽ മേധാവിയാണ് ഇദ്ദേഹം. 55 ഏക്കറിൽ പടർന്നു കിടക്കുന്ന 1246 കോടിയുടെ പദ്ധതിയാണിത്. മഹാത്മാഗാന്ധിയുടെ ഓർമയ്ക്കായി 2019ലാണ് മോദി പദ്ധതി പ്രഖ്യാപിച്ചത്. പൈതൃകത്തെ നശിപ്പിക്കുമെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും പദ്ധതിയുമായി മുമ്പോട്ടുപോകുകയാണ് സർക്കാർ.
സംസ്ഥാനത്തെ വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് ഇദ്ദേഹം. മോദിയുടെ പ്രതിച്ഛായ നിർമാണത്തിൽ ഇദ്ദേഹത്തിന്റെ പങ്ക് അവഗണിക്കാനാകില്ല എന്നാണ് റിട്ടയേഡ് ഉദ്യോഗസ്ഥൻ വെബ് പോർട്ടലായ പ്രിന്റിനോട് പറഞ്ഞത്. ഗുജറാത്ത് കലാപ ശേഷം, കൺസേൺഡ് സിറ്റിസൺസ് ട്രൈബ്യൂണൽ മേധാവിയായിരുന്ന സുപ്രിംകോടതി മുൻ ജഡ്ജ് വി.കെ കൃഷ്ണയ്യരുമായി മോദിക്ക് കൂടിക്കാഴ്ച സാധ്യമാക്കിയത് കൈലാഷ്നാഥനായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന്റെ മസ്തിഷ്കവും ഇദ്ദേഹം തന്നെ. മുഖ്യമന്ത്രിമാർ വന്നു പോകുമ്പോഴും, മാറ്റമില്ലാത്തത് കെ.കെയ്ക്ക് മാത്രം എന്ന ചൊല്ലു തന്നെയുണ്ട് ഗുജറാത്തിലെ ഭരണസിരാ കേന്ദ്രങ്ങളിൽ.