മട്ടൻ ബിരിയാണി മുതൽ നവരത്ന കുറുമ വരെ; ദുർഗാപൂജ സമയത്ത് പ്രത്യേക ഭക്ഷണവുമായി ഒരു ജയിൽ
|മഹാ അഷ്ടമി ദിനമായ ഒക്ടോബർ മൂന്നിന് വെജിറ്റേറിയൻ വിഭവങ്ങളും മറ്റ് മൂന്നു ദിവസങ്ങളിൽ വിഭവസമൃദ്ധമായ നോൺ-വെജിറ്റേറിയൻ ഭക്ഷണവും ജയിലിൽ ഉണ്ടായിരിക്കും.
കൊൽക്കത്ത: ദുർഗാ പൂജ ഉത്സവത്തിന്റെ ഭാഗമായി തടവുകാർക്ക് പ്രത്യേക ഭക്ഷണമൊരുക്കി കൊൽക്കത്തയിലെ ജയിൽ. മട്ടൻ ബിരിയാണി അടക്കമുള്ള നോൺ വെജ് ഭക്ഷണങ്ങളും നവരത്ന കുർമയും ഖിച്ചൂരിയും അടക്കമുള്ള വെജിറ്റേറിയൻ വിഭവങ്ങളുമാണ് 2500ഓളം വരുന്ന അന്തേവാസികൾക്ക് ഒരുക്കുന്നത്. ദക്ഷിണ കൊൽക്കത്തയിലെ പ്രസിഡൻസി സെൻട്രൽ കറക്ഷനൽ ഹോമിലാണ് ഈ പ്രത്യേക വിഭവങ്ങൾ വിളമ്പുക.
ഒക്ടോബർ രണ്ട് മുതൽ അഞ്ച് വരെയുള്ള നാല് ദിവസത്തേക്കാണ് പ്രത്യേക വിഭവങ്ങൾ വിതരണം ചെയ്യുന്നത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കായാണ് ജയിൽ അധികൃതർ പ്രത്യേക മെനു ക്രമീകരിക്കുക. മഹാ അഷ്ടമി ദിനമായ ഒക്ടോബർ മൂന്നിന് വെജിറ്റേറിയൻ വിഭവങ്ങളും മറ്റ് മൂന്നു ദിവസങ്ങളിൽ വിഭവസമൃദ്ധമായ നോൺ-വെജിറ്റേറിയൻ ഭക്ഷണവും ജയിലിൽ ഉണ്ടായിരിക്കും.
ഒക്ടോബർ 3 തിങ്കളാഴ്ച കിച്ചൂരി, പുലാവ്, ലൂച്ചി, ദം ആലു, പനീർ മസാല, നവരത്ന കുർമ തുടങ്ങിയ വെജിറ്റേറിയൻ ഭക്ഷണമാണ് വിതരണം ചെയ്യുക. മഹാ സപ്തമി (ഒക്ടോബർ 2- ഞായർ), മഹാനവമി (ഒക്ടോബർ 4- ചൊവ്വ), വിജയദശമി (ഒക്ടോബർ 5- ബുധൻ) എന്നീ ദിവസങ്ങളിലാണ് മട്ടൻ ബിരിയാണി, മട്ടൻ കലിയ, ചെമ്മീൻ ഉൾപ്പെടെയുള്ള വിവിധ മീൻ വിഭവങ്ങൾ ഉൾപ്പെടുന്ന നോൺ വെജ് ഭക്ഷണം നൽകുന്നത്. ഇതു കൂടാതെ രസഗുളകളും ലഡുവും ഉണ്ടാകും.
അതേസമയം, പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് ജയിലിലായ മുൻ പശ്ചിമ ബംഗാൾ വിദ്യാഭ്യാസ, വാണിജ്യ, വ്യവസായ മന്ത്രി പാർഥ ചാറ്റർജി ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളതിനാലാണ് ഇത്തരമൊരു ആഘോഷ ഭക്ഷണം സംഘടിപ്പിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
എന്നാൽ മുൻ മന്ത്രിയെ കണക്കിലെടുത്താണ് ഈ പ്രത്യേക ക്രമീകരണം നടത്തിയതെന്ന ആരോപണം ജയിൽ അധികൃതർ നിഷേധിച്ചു. "എല്ലാ പ്രധാന അവസരങ്ങളിലും അന്തേവാസികൾക്ക് അവരുടെ ലൗകിക ജീവിതത്തിൽ നിന്ന് ആശ്വാസം നൽകുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ചെയ്യാറുണ്ട്. ഇതൊന്നും പുതിയ കാര്യമല്ല. ഇത്തവണ മുൻ മന്ത്രി അന്തേവാസികളുടെ കൂട്ടത്തിലുണ്ടാകും എന്നതാണ് പുതിയ കാര്യം"- സേവന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.