വിദ്വേഷ പ്രചാരണങ്ങളിലെ മൗനം മുതൽ പോളിങ് കണക്ക് വൈകിപ്പിക്കൽ വരെ; ചോദ്യചിഹ്നമായി തെര. കമ്മീഷന്റെ വിശ്വാസ്യത
|രാജസ്ഥാനിൽ മുസ്‌ലിംങ്ങൾതിരെ നടത്തിയ വിദ്വേഷ പരാമർശത്തിലുൾപ്പെടെ പ്രതിപക്ഷം നൽകിയ പരാതികളിൽ നടപടി ഇതുവരെ ഉണ്ടായിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണവും പൂർത്തിയാവുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിൽക്കുന്നത് വിമർശനങ്ങളുടെ കൊടുമുടിയിൽ. ചരിത്രത്തിൽ ഇത്രയേറെ വിമർശനങ്ങളും ആരോപണങ്ങളും ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയരുന്നത് ആദ്യമായിട്ടാണ്. മൂന്നാമതും അധികാരത്തിലെത്തുമെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ച് നടത്തിവരുന്ന കടുത്ത വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയുൾപ്പെടെ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് കമ്മീഷനെതിരായ വിമർശനങ്ങളിൽ പ്രധാനം. പോളിങ് ശതമാനം പുറത്തുവിടാന്‍ വൈകിയതാണ് മറ്റൊന്ന്. ഇതൊക്കെ മുൻനിർത്തി കമ്മീഷന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടു.
വിദ്വേഷ പ്രചാരണങ്ങളിൽ മൗനം
ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷമാണ് മോദി രൂക്ഷമായ രീതിയിൽ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മുസ്‌ലിംകൾക്കെതിരെ സംവരണ വിഷയങ്ങളിലുൾപ്പെടെ കോൺഗ്രസിനെ കടന്നാക്രമിച്ചും മറ്റും പ്രധാനമന്ത്രി തുടർച്ചയായി വിദ്വേഷ പ്രചാരണം നടത്തി. 74 ദിവസം നീണ്ട പ്രചാരണകാലഘട്ടത്തിൽ നിരവധി തവണയാണ് പ്രധാനമന്ത്രി വേദികൾ തോറും വിദ്വേഷം വിളമ്പിയത്. ഇതിനെതിരെ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഇൻഡ്യാ മുന്നണിയൊന്നാകെയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും പരാതിപ്രളയം ഉണ്ടായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്.
രാജസ്ഥാനിൽ നടത്തിയ മുസ്‌ലിംങ്ങൾക്കെതിരായ വിദ്വേഷ പരാമർശത്തിലുൾപ്പെടെ പ്രതിപക്ഷം നൽകിയ പരാതികളിൽ നടപടി ഇതുവരെ ഉണ്ടായിട്ടില്ല. മോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പരാതി നൽകി ദിവസങ്ങൾ പിന്നീടുമ്പോഴും നടപടിയെടുക്കാത്തതില്‍ വലിയ പ്രതിഷേധമാണ് കമ്മീഷനെതിരെ നിലനിൽക്കുന്നത്. പരാതി പരിശോധിച്ച് വരികയാണെന്നാണ് ഏറ്റവുമൊടുവിൽ കമ്മീഷന്‍ നല്‍കിയ വിശദീകരണം.
ഏപ്രിൽ 21ന് രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഈ വോട്ടെടുപ്പ് കാലത്ത് ആദ്യമായി മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാവുമോ എന്നുമായിരുന്നു മോദിയുടെ പരാമർശം. തൊട്ടടുത്ത ദിവസം കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നേരിട്ട് എത്തി പരാതി നൽകി. പിന്നാലെ സിപിഎമ്മും തൃണമൂൽ കോൺഗ്രസും പരാതിയുമായി ചെന്നു. പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇതുകൂടാതെ, വിവിധ സാമൂഹിക പ്രവർത്തകരുടെയും സംഘടനകളുടേയും നേതൃത്വത്തിൽ 20,000ത്തോളം പേരാണ് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരൊറ്റ ദിവസം കമ്മീഷന് കത്തെഴുതിയത്. അതുകൊണ്ടും തീർന്നില്ല, മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേരും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. എന്നാൽ ഇതൊക്കെയും കണ്ടില്ലെന്നു നടിക്കുകയാണ് കമ്മീഷൻ ചെയ്തത്. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് നടപടിയില്ലാതായതോടെ സിപിഎം നേതാവ് വൃന്ദാ കാരാട്ടിന് സുപ്രിംകോടതിയെ സമീപിക്കേണ്ടിവന്നു.
രാജസ്ഥാൻ പ്രസംഗത്തിന് പിന്നാലെ മറ്റ് പലയിടത്തും മോദി വിദ്വേഷ പ്രചാരണം ആവർത്തിച്ചു. ദലിതരുടെയും പിന്നാക്കരുടെയും സംവരണം കവർന്നെടുത്ത് മുസ്‌ലിംകൾക്ക് കൊടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നതായിരുന്നു ഇതിൽ ഏറ്റവും ഒടുവിലത്തേത്. വ്യാഴാഴ്ച (മെയ് 30) പഞ്ചാബിലെ ഹോഷിയാർപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്. മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ബിജെപി നേതാക്കളും മോദിയുടെ വിദ്വേഷ പ്രചാരണം ഏറ്റുപിടിച്ച് വർഗീയ പരാമർശങ്ങൾ ആവർത്തിച്ചു. ഇവർക്കെതിരെയും കമ്മീഷനിലേക്ക് പരാതികൾ പോയി. എന്നാൽ അപ്പോഴും അവസ്ഥ മറിച്ചായിരുന്നില്ല. കമ്മീഷന്റെ മൗനത്തിനെതിരെ കോൺഗ്രസും തൃണമൂലും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
മോദിയുടെയും അമിത് ഷായുടേയും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തെക്കുറിച്ചുള്ള പരാതികളിൽ നടപടിയെടുക്കാതെ, രാഷ്ട്രീയ പാർട്ടികൾക്ക് പൊതുവായ നിർദേശങ്ങൾ നൽകുക മാത്രമാണ് കമ്മീഷൻ ചെയ്യുന്നതെന്നും ഭരണഘടനാപരമായ കടമകൾ നിറവേറ്റുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞിരുന്നു. നിക്ഷ്പക്ഷത അഭിനയിക്കുന്ന കമ്മീഷൻ ബിജെപിയുടെ തെരഞ്ഞെടുപ്പ് വകുപ്പ് ആവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പെരുമാറ്റച്ചട്ടം എന്നത് മോദി കോഡ് ഓഫ് കോണ്ടക്ട് ആയി മാറിയെന്നാണ് ടിഎംസി തുറന്നടിച്ചത്. മോദിയുടെ വിദ്വേഷ പരാമർശങ്ങളില്‍ പരാതി നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ലെന്നും തൃണമൂൽ നേതാക്കൾ കുറ്റപ്പെടുത്തി.
ഇത്ര മടിയെന്തിന് പോളിങ് ശതമാനം പുറത്തുവിടാൻ?
ഓരോ ഘട്ടത്തിലും പോളിങ് ശതമാനം പുറത്തുവിടാൻ വൈകുന്നതിനെതിരെയും കമ്മീഷനെതിരെ വൻ വിമർശനവും പ്രതിഷേധവുമാണ് ഉയർന്നത്. വിഷയത്തിൽ ആദ്യഘട്ട തെരെഞ്ഞടുപ്പിലെ പോളിങ് കണക്കുകള്‍ 11 ദിവസം കഴിഞ്ഞും രണ്ടാം ഘട്ടത്തിലെ കണക്കുകൾ നാലു ദിവസം കഴിഞ്ഞുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യ മുന്നണി നേതാക്കൾക്ക് കത്തയച്ചിരുന്നു. അഞ്ചാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞാണ് അതുവരെയുള്ള ഓരോ ഘട്ടത്തിലും ആകെ പോൾ ചെയ്തവരുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്.
വോട്ടിങ് വിവരങ്ങള്‍ കൃത്യമായി പുറത്തുവിടാത്തത് ഫലം അട്ടിമറിക്കാനുള്ള ശ്രമമാണെന്നുൾപ്പെടെയുള്ള വിമർശനങ്ങളും പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വൈകി വിവരങ്ങള്‍ കൈമാറുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തിയിരുന്നു. വിഷയത്തില്‍ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയയ്ക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഇൻഡ്യ സഖ്യത്തിലുള്ള പാര്‍ട്ടികള്‍ക്ക് കത്ത് എഴുതിയ കോണ്‍ഗ്രസ് അധ്യക്ഷൻ, കൂട്ടായ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എല്ലാ പാർട്ടികളും നൽകുന്ന പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരേ പോലെ പരിഗണിക്കുന്നില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കുറ്റപ്പെടുത്തിയിരുന്നു. കമ്മീഷൻ നീതിയുക്തമായി പെരുമാറണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതുകൊണ്ടും തീരുന്നില്ല !
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടേയും ഹെലികോപ്ടർ പരിശോധിച്ചെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന മറ്റൊരു ആരോപണം. ബിഹാറിലെ സമസ്തിപൂരിൽ മെയ് 11ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോഴായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഖാർഗെയുടെ ഹെലിക്ടോപ്ടർ പരിശോധിച്ചത്. ഏപ്രിൽ 15നായിരുന്നു രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിൽ പരിശോധന. മൈസൂരിൽ നിന്നും രാഹുൽ തമിഴ്‌നാട്ടിൽ എത്തിയപ്പോഴായിരുന്നു ഇത്. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധനയെന്നായിരുന്നു വിശദീകരണം. നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. മോദിയുടെയോ അമിത് ഷായുടേയോ ഹെലികോപ്ടറുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമോയെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചത്.
ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണഗാനത്തിൽ മാറ്റം വരുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശവും വിമർശനത്തിന് ഇടയാക്കി. രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള 'ജയില്‍ കാ ജവാബ് വോട്ട് സേ' എന്ന പ്രചാരണ ഗാനത്തിനെതിരെയാണ് കമ്മീഷൻ രംഗത്തെത്തിയത്. പ്രചാരണ ഗാനം കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പാർട്ടിക്കും തിരിച്ചടിയാണെന്ന് ആരോപിച്ച് ബിജെപി പരാതി നൽകിയതോടെയാണ് കമ്മീഷൻ ഗാനത്തിൽ മാറ്റത്തിന് നിർദേശിച്ചത്. എന്നാൽ ഈ നിർദേശം എഎപി തള്ളി.
ഗാനത്തിൽ മാറ്റം വരുത്താനാവില്ലെന്ന് അറിയിച്ച എഎപി നേതാക്കൾ, കമ്മീഷൻ ഉന്നയിച്ച എതിർപ്പിനോട് യോജിക്കാനാവില്ലെന്നും വ്യക്തമാക്കി. കമ്മീഷൻ ഉന്നയിച്ച തരത്തിൽ ഒന്നും ഗാനത്തിൽ ഇല്ലെന്ന് എഎപി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണം. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഉയർന്ന വികാരം വോട്ടാക്കാനാണ് പ്രചാരണഗാനവും അതേ ആശയത്തിൽ പാർട്ടി പുറത്തിറക്കിയത്. 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‍വർക്ക് നിയമങ്ങളുടെ ലംഘനമാണ് ഉള്ളടക്കം എന്നായിരുന്നു കമ്മീഷൻ നിലപാട്.
ജൂൺ ഒന്നിനാണ് അവസാന ഘട്ട വോട്ടെടുപ്പ്. ഏപ്രിൽ 26ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പ് മുതലുണ്ടായ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ഇതുവരെ കമ്മീഷൻ നടപടി സ്വീകരിക്കാത്തത് ഏഴാം ഘട്ട വോട്ടെടുപ്പിലും പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരാനാണ് സാധ്യത.