India
ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന മോദിയുടെ വാദം തെറ്റ്-  രാഹുൽ ഗാന്ധി
India

ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന മോദിയുടെ വാദം തെറ്റ്- രാഹുൽ ഗാന്ധി

Web Desk
|
20 Aug 2023 8:56 AM GMT

ചൈനയുടെ ഭാഗത്ത് നിന്ന് അതിർത്തിയിൽ ചില നീക്കങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

ലഡാക്ക്: ചൈന ഇന്ത്യയുടെ ഭൂമിയിൽ കടന്നു കയറി പിടിച്ചെടുത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും രാജ്യത്തിന്റെ ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങൾ അതല്ല പറയുന്നതെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. ചൈനയുടെ ഭാഗത്ത് നിന്ന് അതിർത്തിയിൽ ചില നീക്കങ്ങൾ ഉണ്ടായതിന് പിന്നാലെ കശ്മീരിലെ പാംഗോങ്ങിലാണ് രാഹുലിന്റെ പ്രതികരണം.

'നിലവിലെ സ്ഥിതിയിൽ ലഡാക്കിലുള്ള ജനങ്ങൾ സന്തോഷവാന്മാരല്ല, നിരവധി പരാതികളാണ് ജനങ്ങൾക്കിടയിൽ നിന്ന് ഉയരുന്നത്. അവർക്ക് കൂടുതൽ പ്രാതിനിധ്യം ആവശ്യമാണ്. തൊഴിലില്ലായ്മയും ഇവർക്കിടയിൽ പ്രധാനപ്രശ്നമാണ്. സംസ്ഥാനത്തിന് ആവശ്യം ഉദ്യോഗസ്ഥ ഭരണമല്ല, ജനങ്ങളുടെ പ്രതിനിധിയെയാണ്' രാഹുൽ പറഞ്ഞു. പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ പാംഗോങ് തടാകക്കരയിൽ സ്ഥാപിച്ച രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ രാഹുൽ ഗാന്ധി ആദരാഞ്ജലി അർപ്പിച്ചു.

അതേസമയം, രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതിച്ഛായ തകർത്തുവെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പ്രതികരിച്ചു. സേനയെ അപമാനിക്കുന്നതാണ് രാഹുലിന്റെ പ്രസ്താവനയെന്നും ചൈന ഭൂമി പിടിച്ചെടുത്തത് യുപിഎ ഭരണകാലത്താണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.


Similar Posts