പതിവു തെറ്റിയില്ല; ഇന്ധനവില വീണ്ടും കൂട്ടി
|പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.
രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.
ഇതോടെ തിരുവനന്തപുരത്ത് 104 രൂപ 13 പൈസയുമാണ് പെട്രോൾ വില. ഡീസലിന് 95 രൂപ 35 പൈസയുമായി. കോഴിക്കോട് പെട്രോളിന് 102 രൂപ 39 പൈസയും ഡീസലിന് 95 രൂപ 56 പൈസയുമാണ് ഇന്നത്തെ വില.
ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ സമ്മതിക്കാത്തതാണ് രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളിൽ പെട്രോൾ വില 100 കടന്നതിന്റെ കാരണം തൃണമൂൽ സർക്കാർ ഉയർന്ന നികുതി ഈടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി.
കുതിച്ചുയരുന്ന ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്ധന വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു ബാരൽ ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില വെറും 19.33 ഡോളർ മാത്രമായിരുന്നു. എന്നാൽ അത് 80 ഡോളറിലേക്ക് അടുക്കുന്നതായാണ് വിപണി സൂചിപ്പിക്കുന്നത്. അമേരിക്കയിൽ ക്രൂഡ് ഓയിൽ ഉത്പാദനം കുറഞ്ഞതും അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമാകുന്നുണ്ട്.