India
ഇന്ധനവില: കെ.എൻ ബാലഗോപാലിന് പിന്തുണയുമായി പി. ചിദംബരം
India

ഇന്ധനവില: കെ.എൻ ബാലഗോപാലിന് പിന്തുണയുമായി പി. ചിദംബരം

Web Desk
|
12 Nov 2021 4:48 PM GMT

കേരള ധനമന്ത്രി വെളിപ്പെടുത്തിയ കണക്കുകളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കേന്ദ്രമന്ത്രി മറുപടി നൽകണമെന്ന് ട്വിറ്ററിൽ ചിദംബരം

ഇന്ധനനികുതി വിഷയത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന് പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ട്വിറ്ററിലാണ് ചിദംബരം ബാലഗോപാലിന്റെ വാദങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്.

പെട്രോൾ, ഡീസൽ ഇനത്തിൽ സമാഹരിച്ച നികുതിയുടെ കണക്ക് ഇന്ന് കേരള ധനമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ കേന്ദ്ര ധനമന്ത്രി അതിനു മറുപടി നൽകണമെന്ന് ട്വീറ്റിൽ ചിദംബരം ആവശ്യപ്പെട്ടു.

2020-21 കാലയളവിൽ എക്‌സൈസ് നികുതി, സെസ്സ്, അഡീഷനൽ എക്‌സൈസ് നികുതി ഇനത്തിൽ 3,72,000 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇത്രയും വലിയ തുകയിൽ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്‌സൈസ് നികുതിയായി സമാഹരിച്ചത്. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ബാക്കി 3,54,000 കോടി രൂപ കേന്ദ്രത്തിനാണ് പോയിട്ടുള്ളത്. ഇതാണ് മോദി സർക്കാർ പിന്തുടരുന്ന 'കോ-ഓപറേറ്റീവ് ഫെഡറലിസം'- ട്വീറ്റിൽ ചിദംബരം പറയുന്നു.

3,54,000 കോടിയെന്ന ഇത്രയും വലിയ തുക എവിടെയെല്ലാമാണ്, എന്തെല്ലാം കാര്യങ്ങൾക്കാണ് ചെലവഴിച്ചതെന്നും വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ഈ തുകയുടെ ഒരു ഭാഗം കോർപറേറ്റ് നികുതി കുറച്ചതു കാരണമുണ്ടായ വിടവ് നികത്താനാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നിട്ട് കോർപറേറ്റുകൾക്ക് 1,45,000 കോടിയുടെ അനുഗ്രഹവും നൽകിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന് ഇന്ധനവില കുറയ്ക്കാനാകില്ലെന്നാണ് കെഎൻ ബാലഗോപാൽ വ്യക്തമാക്കിയത്. ഇന്ധന നികുതിയുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും നികുതിയുടെ എട്ടിരട്ടി വരെ സെസ് പിരിച്ച് കേന്ദ്രസർക്കാർ ലക്ഷം കോടികൾ വരുമാനമുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

30 രൂപയിലധികം നികുതി കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട്. സാധാരണ നികുതി നിയമം അനുസരിച്ചല്ല എക്‌സൈസ് നികുതിയിൽ ഈ വർധന വരുത്തിയത്. ഇതിൽ സംസ്ഥാനങ്ങൾക്ക് വിഹിതം കിട്ടില്ല. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തരുന്നതുപോലെയാണ് കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതെന്നും മന്ത്രി വിമർശിച്ചു.

ചിദംബരം ബാലഗോപാലിനു പിന്തുണയുമായി രംഗത്തെത്തിയതോടെ ഇന്ധനവില ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുള്ള കോൺഗ്രസ് വെട്ടിലായിരിക്കുകയാണ്. കേന്ദ്രം കുറച്ചതനുസരിച്ച് സംസ്ഥാന സർക്കാർ ഇന്ധനവില കുറയ്ക്കണമെന്നാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Similar Posts