അമൃത്പാൽ സിങ് കീഴടങ്ങിയതായി സൂചന; സ്ഥിരീകരിക്കാതെ പഞ്ചാബ് പൊലീസ്
|പഞ്ചാബ് മോഗ പൊലീസ് മുമ്പാകെ കീഴടങ്ങിയതായാണ് വിവരം
ഡല്‍ഹി: ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിങ് കീഴടങ്ങിയതായി സൂചന . പഞ്ചാബ് മോഗ പൊലീസ് മുമ്പാകെ കീഴടങ്ങിയതായാണ് വിവരം . അതേസമയം പഞ്ചാബ് പൊലീസ് അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മാർച്ച് 18 മുതൽ അമൃത്പാൽ ഒളിവിലായിരുന്നു. കീഴടങ്ങിയ ഇയാളെ അസം ദിബ്രുഗഡിലെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന കുറ്റം ആരോപിച്ച് ഫെബ്രുവരി 16ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് ഖലിസ്ഥാൻവാദിയായ അമൃത്പാൽ സിങ്. ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ലവ്പ്രീത് തൂഫാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്പാലും കൂട്ടാളികളും ഫെബ്രുവരിയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. വാരിസ് പഞ്ചാബ് ദേ സംഘത്തിലെ അംഗങ്ങളായ അമൃത്പാലിൻറെ അമ്മാവൻ ഉൾപ്പടെയുള്ള നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പഞ്ചാബിനെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തി ഖലിസ്ഥാന്‍ രൂപവത്കരിക്കണമെന്നാണ് ഇയാളുടെ പ്രധാനവാദം. അതിനായി അവതാരമെടുത്ത രണ്ടാം ഭിന്ദ്രൻവാലയാണ് താനെന്നും ഇയാൾ അവകാശപ്പെടുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തുംമുമ്പ് ദുബൈയിൽ ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാൾ.